1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2023

സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്മെന്റ് ക്യാംപെയ്ന് തുടക്കമിട്ട് ആരോഗ്യ വകുപ്പ് രംഗത്ത്. അയർലൻഡിൽ പൊതുജനാരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) വഴിയാണ് റിക്രൂട്മെന്റ് ക്യാംപെയ്ൻ. ഇന്ത്യക്കാര്‍ അടക്കം വിദേശരാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും ക്യാംപെയ്നിൽ പങ്കെടുക്കാമെന്ന് എച്ച്എസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന് ഐറിഷ് ഹോസ്പിറ്റൽ കൺസൽറ്റന്റ്സ് അസോസിയേഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചില്‍ ഒന്ന് ഒഴിവുകളും നികത്തിയിട്ടില്ലെന്നായിരുന്നു അസോസിയേഷന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടമുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കണ്‍സൽറ്റിങ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ എച്ച്എസ്ഇ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ വര്‍ഷം തന്നെ റിക്രൂട്മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റിക്രൂട്മെന്റ് നടത്തി ഒഴിവുകള്‍ നികത്തുന്നതോടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് മേല്‍ നിലവിലുള്ള സമ്മര്‍ദ്ദം കുറയുമെന്നും അവര്‍ക്ക് വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കപ്പെടുമെന്നും കരുതപ്പെടുന്നു.

രാജ്യത്തെ നഴ്‌സുമാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 3,500 വിദേശ നഴ്‌സുമാരെ എച്ച്എസ്ഇ നിയമിച്ചിരുന്നു. എച്ച്എസ്ഇയുടെ സമയോചിതമായ റിക്രൂട്മെന്റ് ക്യാംപെയ്നെ സ്വാഗതം ചെയ്യുന്നതായി അയർലൻഡ് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു.

പുതിയ കൺസൽറ്റന്റ് ഡോക്ടർമാരെ നിയമിക്കുന്നതിലൂടെ സാർവത്രിക ആരോഗ്യ സംരക്ഷണത്തിലേക്കുള്ള വിജയകരമായ വളർച്ചയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റീഫൻ ഡോണലി പറഞ്ഞു. റിക്രൂട്മെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.hse.ie/consultants എന്ന വെബ്സൈറ്റ് വിലാസത്തിൽ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.