1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2023

സ്വന്തം ലേഖകൻ: പണപ്പെരുപ്പത്തെ നേരിടാന്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുക്കം തുടങ്ങിയതോടെ വീട്ടുടമകളും വാടകക്കാരും കടുത്ത പ്രതിസന്ധിയിലേക്ക്. കൂടുതല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാവുകയാണ്.

ഏറ്റവും പുതിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം വേതനങ്ങള്‍ 6 ശതമാനം ഉയര്‍ന്നതായാണ് വ്യക്തമാകുന്നത്. ഇതിനിടയിലാണ് പലിശ നിരക്കുകളും വര്‍ദ്ധിക്കുന്നത്. യുകെയിലെ വേതനം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വര്‍ദ്ധിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കനത്ത സമ്മര്‍ദമാണ് സമ്മാനിക്കുന്നത്. ഹൃസ്വകാല ഗവണ്‍മെന്റ് ബോണ്ടുകളുടെ മൂല്യം ലിസ് ട്രസിന്റെ മിനി ബജറ്റ് കാലത്തേക്കാള്‍ ഉയര്‍ന്നതോടെയാണ് പലിശ നിരക്കുകളെയും ബാധിക്കുന്നത്.

യുകെയിലെ വേതനം റെക്കോര്‍ഡ് വേഗത്തിലാണ് കുതിച്ചതെന്ന് ഒഎന്‍എസ് കണക്ക് വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ വരെ മൂന്ന് മാസങ്ങളില്‍ 7.2 ശതമാനം വര്‍ദ്ധനവാണുള്ളത്. ദേശീയ മിനിമം വേജ് വര്‍ദ്ധനവിന് ശേഷമാണ് ഇത്.

ഇതോടെ മോണിറ്ററി പോളിസി കമ്മിറ്റി പ്രതികരണം ഏത് വിധത്തിലാകുമെന്ന് ആശങ്ക ഉയര്‍ന്നു. നിലവിലെ 4.5 ശതമാനത്തിന് മുകളില്‍ 0.5 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ‘ഒന്നാം നമ്പര്‍ ശത്രുവായി’ തുടരുന്നുവെന്ന് മന്ത്രിമാരും സമ്മതിക്കുന്നു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച് മാത്രമേ പണപ്പെരുപ്പം കുറയ്ക്കാനാവു എന്ന വിലയിരുത്തലാണുള്ളത്. യുകെ വളര്‍ച്ച നേടുമെന്ന് വ്യക്തമാക്കുമ്പോഴും പലിശ നിരക്ക് ഇനിയും ഉയരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഭവനഉടമകള്‍ ഇതിന്റെ പ്രത്യാഘാതം മോര്‍ട്ട്‌ഗേജുകളുടെ തിരിച്ചടവില്‍ അനുഭവിക്കേണ്ടി വരും. അടിസ്ഥാന പലിശ നിരക്ക് അഞ്ചിന് മുകളിലേയ്ക്കു പോകും.

ഈ വര്‍ഷം ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം ബ്രിട്ടന് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഈ നീക്കം. യുകെയുടെ ശരാശരി പണപ്പെരുപ്പം ഈ വര്‍ഷം 6.9 ശതമാനം ആയിരിക്കുമെന്നു ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് (ഒഇസിഡി) പ്രവചിച്ചു.

യുകെയുടെ ജിഡിപി ഈ വര്‍ഷം 0.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഒഇസിഡി പ്രവചനം. മാര്‍ച്ചില്‍ സമ്പദ് വ്യവസ്ഥ 0.2 ശതമാനം ഇടിയുമെന്ന പ്രവചനത്തില്‍ നിന്നുമാണ് ഈ തിരിച്ചുവരവ്.

ഇതോടെ ബ്രിട്ടന്‍ വളര്‍ച്ചയില്‍ ജര്‍മ്മനിയെ മറികടക്കുമെന്ന് വ്യക്തമായി. ജര്‍മ്മനി നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2023-ല്‍ ആ രാജ്യത്തിന്റെ വളര്‍ച്ച പൂജ്യമായിരിക്കുമെന്നാണ് ഒഇസിഡി പ്രവചനം.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതരാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.