സ്വന്തം ലേഖകൻ: മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യകൃത്രിമമനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ളവയാണ് സൃഷ്ടിച്ചത്. യുഎസിൽനിന്നും യുകെയിൽനിന്നുമുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിൽ. പ്രത്യുത്പാദന പ്രക്രിയയിൽ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആവശ്യകതയെ ചോദ്യംചെയ്യുന്നതാണ് കണ്ടെത്തൽ.
ജനിതകവൈകല്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ആവർത്തിച്ചുണ്ടാകുന്ന ഗർഭച്ഛിദ്രത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൃത്രിമഭ്രൂണങ്ങൾ കൂടുതൽ വെളിച്ചംപകരുമെന്നാണ് പ്രതീക്ഷ. 14 ദിവസത്തെ വളർച്ചയുള്ള ഈ സിന്തറ്റിക് ഭ്രൂണത്തിൽ സ്പന്ദിക്കുന്ന ഹൃദയമോ തലച്ചോറോ ഒന്നും വികസിച്ചിട്ടില്ല.
എന്നാൽ, ഗർഭസ്ഥശിശുവിന്റെ വളർച്ചയിൽ നിർണായകമായ മറുപിള്ള (പ്ലാസന്റ), ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന സ്തരം (യോക്ക് സാക്ക്) എന്നിവയുടെ നിർമാണ കോശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ അണ്ഡത്തിന്റെയും ബീജത്തിന്റെയും മുൻഗാമികളായ പൂർവകോശങ്ങളുടെ സാന്നിധ്യവുമുണ്ട്.
കേംബ്രിജ് സർവകലാശാലയുടെയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും സഹായത്തോടെ പ്രൊഫ. മഗ്ദലേന സെർണിക്ക ഗൊയെറ്റ്സാണ് ഗവേഷണത്തിന് നേതൃത്വംനൽകിയത്. അമ്മയുടെ ഗർഭപാത്രത്തിൽ കൃത്രിമഭ്രൂണം നിക്ഷേപിക്കുക എന്നത് നിയമവിരുദ്ധമാണ്.
അതുകൊണ്ടുതന്നെ കൃത്രിമ ഭ്രൂണങ്ങളെ ക്ലിനിക്കലായി ഉപയോഗിക്കുന്നതിന് സമീപകാല സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മാത്രമല്ല, ആദ്യഘട്ടവികാസത്തിനപ്പുറം ഭ്രൂണത്തിന് ജീവജാലമായി വളരാനുള്ള കഴിവുണ്ടോ എന്ന കാര്യവും അവ്യക്തമാണ്.
മൂലകോശങ്ങളുപയോഗിച്ച് ഒരു സാധാരണ പൂർണ വളർച്ചയെത്തിയ ഭ്രൂണം നിർമിച്ചെടുക്കുകയാണെങ്കിൽ അത് മനുഷ്യവികാസത്തെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾക്ക് ഉത്തരംനൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
മുമ്പ് ചുണ്ടെലിയുടെ മൂലകോശമുപയോഗിച്ച് കുടൽ, വളർച്ചയുടെ പ്രാരംഭഘട്ടത്തിലുള്ള തലച്ചോറ്, മിടിക്കുന്ന ഹൃദയം എന്നിവയുള്ള ഭ്രൂണസമാനമായ ഘടന സെർണിക്കയും സംഘവും വികസിപ്പിച്ചിരുന്നു. ഐ.വി.എഫ്.പോലുള്ള ബീജസങ്കലനമാർഗങ്ങളിലൂടെ മനുഷ്യഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിൽ നിയമങ്ങളുണ്ട്.
എന്നാൽ, മൂലകോശമുപയോഗിച്ച് ഭ്രൂണങ്ങൾ നിർമിക്കുന്നതിന് പുതിയ നിയമനിർമാണം ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. നിലവിൽ 14 ദിവസംമാത്രമേ ശാസ്ത്രജ്ഞർക്ക് ലാബിൽ നിയമപരമായി ഭ്രൂണം വളർത്താൻ പാടുള്ളൂ.
ഏത് കോശമായും മാറാൻ ശേഷിയുള്ള അടിസ്ഥാന കോശങ്ങളാണ് ഇവ. ബഹുകോശ ജീവികളിൽ കാണപ്പെടുന്ന മൂലകോശങ്ങൾ ക്രമഭംഗംവഴി വിഭജനംനടത്തിയാണ് പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നത്. ഇവയെ പ്രത്യേക സാഹചര്യങ്ങളിൽ ( പരീക്ഷണശാലകളിലും മറ്റും ) നമ്മളാഗ്രഹിക്കുന്ന തരത്തിലുള്ള കോശങ്ങളായി നിർമ്മിച്ചെടുക്കാം. മൂലകോശങ്ങൾ രണ്ടുതരത്തിലുണ്ട്. എംബ്രിയോണിക് സ്റ്റെം സെൽ, അഡൽറ്റ് സ്റ്റെം സെൽ എന്നിവയാണവ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല