1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2023

സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്ത ജീവനക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. പദ്ധതിയില്‍ ചേരാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്ന സമയപരിധി ഒക്ടോബര്‍ ഒന്ന് വരെ നീട്ടിയതായി മന്ത്രാലയം വ്യക്തമാക്കി. നിര്‍ബന്ധമായും ചേരേണ്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാരില്‍ നിന്ന് ജൂലൈ ഒന്ന് മുതല്‍ പിഴ ഈടാക്കും എന്നാണ് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നത്.

അച്ചടക്ക നടപടിയുടെ ഭാഗമായല്ലാതെ നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ജോലി നഷ്ടമായാല്‍ അതു മുതല്‍ മൂന്ന് മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ നല്‍കുന്ന പദ്ധതിയാണ് യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ്. ഫെഡറല്‍ സര്‍ക്കാര്‍ മേഖല, സ്വകാര്യമേഖല, ഫ്രീസോണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം നിര്‍ബന്ധമായും ഈ പദ്ധതിയില്‍ അംഗമാകണം എന്നാണ് തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശം.

നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള താമസക്കാര്‍, റിട്ടയര്‍മെന്റ് പെന്‍ഷന്‍ നേടുന്നവരും പുതിയ ജോലി ആരംഭിച്ചവരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ 4.6 ദശലക്ഷം ജീവനക്കാര്‍ പദ്ധതിയില്‍ വരിക്കാരായതായാണ് കണക്കുകള്‍. എന്നാല്‍ ഇനിയും പദ്ധതിയില്‍ അംഗമാവാത്ത നിരവധി ജീവനക്കാരുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ചെറിയ വരുമാനക്കാരായ ജോലിക്കാര്‍ക്കു കൂടി പദ്ധതിയില്‍ അംഗങ്ങളാവാനുള്ള അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പിഴ ഈടാക്കുന്നതിനുള്ള സമയ പരിധി നീട്ടിയത്. മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗത്വം എടുക്കേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്. തൊഴിലുട ഇതിന് ഉത്തരവാദി ആയിരിക്കുകയില്ല.

16,000 ദിര്‍ഹത്തിന് താഴെ ശമ്പളമുള്ളവര്‍ക്ക് മാസം അഞ്ച് ദിര്‍ഹം നിരക്കിലും, പതിനാറായിരം ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാസം 10 ദിര്‍ഹം എന്ന നിരക്കിലും പ്രീമിയം അടച്ച് പദ്ധതിയില്‍ അംഗമാകാം. ജീവനക്കാര്‍ക്ക് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രീമിയം അടക്കാന്‍ അവസരമുണ്ട്. അധിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവസരമുണ്ടായിരിക്കും.

ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് മുമ്പുള്ള അവസാന ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം, തൊഴില്‍ നഷ്ടപ്പെട്ട തീയതി മുതല്‍ മൂന്ന് മാസത്തേക്ക് ജീവനക്കാരന് ക്യാഷ് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന്, വരിക്കാര്‍ തുടര്‍ച്ചയായി 12 മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

കൂടാതെ ജോലി ഉപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു അപേക്ഷ സമര്‍പ്പിക്കണം. അതേസമയം, ജീവനക്കാരന്‍ മറ്റൊരു ജോലിയില്‍ ചേരുന്ന തീയതി മുതല്‍ അല്ലെങ്കില്‍ രാജ്യം വിട്ട ദിവസം മുതല്‍ നഷ്ടപരിഹാരം ലഭിക്കില്ല.

ഇതുവരെ സബ്സ്‌ക്രൈബ് ചെയ്യാത്ത തൊഴിലാളികള്‍ക്ക് ഇന്‍വൊളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് സ്‌കീമിന്റെ https://www.iloe.ae/ എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അതോടൊപ്പം അതിന്റെ മൊബൈല്‍ ആപ്പ്, എടിഎമ്മുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, അല്‍ അന്‍സാരി എക്സ്ചേഞ്ച്, ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.