1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2023

സ്വന്തം ലേഖകൻ: പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിനെ തെറ്റദ്ധരിപ്പിച്ചെന്നു കണ്ടെത്തല്‍ . ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം, ബോറിസ് കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് തന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസില്‍ നടന്ന നിയമവിരുദ്ധ പാര്‍ട്ടികളെക്കുറിച്ച് പാര്‍ലമെന്റിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ കമ്മിറ്റി കണ്ടെത്തി.

നിലവില്‍ ഇപ്പോഴും അദ്ദേഹം എംപിയായി തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് 90 ദിവസത്തെ സസ്പെന്‍ഷനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കിടയിലും ഡൗണിംഗ് സ്ട്രീറ്റില്‍ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വാദിച്ച് എംപിമാരെ ബോറിസ് ഒന്നിലധികം തവണ തെറ്റിദ്ധരിപ്പിച്ചതായാണ് കമ്മറ്റി കണ്ടെത്തിയത്.

ഏഴംഗ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 106 പേജുകളായാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞയാഴ്ച മുന്‍കൂര്‍ കോപ്പി ലഭിച്ചതിനെത്തുടര്‍ന്ന് കമ്മിറ്റി പക്ഷപാതപരമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് എംപി സ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു.

തന്റെ പ്രസ്താവനകള്‍ മൂലം എംപിമാര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം ഇതിനകം സമ്മതിച്ചിട്ടുണ്ടെങ്കിലും, ആ സമയത്ത് അവ സത്യമാണെന്ന് താന്‍ വിശ്വസിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരില്‍ നിന്നും തനിക്ക് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവനകളെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഡൗണിങ് സ്ട്രീറ്റില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തിപരമായ അറിവ് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ തന്റെ ഉറപ്പുകളിലൂടെ അദ്ദേഹം പാര്‍ലമെന്റിനെ അവഹേളിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന അംഗമായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രവര്‍ത്തി കൂടുതല്‍ ഗുരുതരമാണെന്ന് കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിയുടെ രണ്ട് എംപിമാരായ എസ്എന്‍പിയുടെ അലന്‍ ഡോറന്‍സ്, ലേബര്‍ പാര്‍ട്ടിയുടെ ഇവോണ്‍ ഫോവാര്‍ഗ് എന്നിവര്‍ അദ്ദേഹത്തെ കോമണ്‍സില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അവരുടെ അഭിപ്രായങ്ങള്‍ കമ്മിറ്റിയില്‍ അംഗീകരിക്കപ്പെട്ടില്ല.

പാര്‍ലമെന്റിന്റെ ചരിത്രത്തിലെ വളരെ അപൂര്‍വമായ സംഭവമാണ് എംപിമാരുടെ പുറത്താക്കല്‍. കഴിഞ്ഞ 100 വര്‍ഷത്തിനിടെ മൂന്നുതവണ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്നു ഡൗണിങ് സ്ട്രീറ്റില്‍ മദ്യസല്‍ക്കാരമടക്കമുള്ള ആഘോഷങ്ങള്‍ നടത്തിയതിലൂടെ ‘പാര്‍ട്ടിഗേറ്റ്’ എന്നറിയപ്പെട്ട വിവാദത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെ ജോണ്‍സണു പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നു.

പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നു. റിഷി സുനാക് അടക്കമുള്ളവരുടെ രാജിയാണ് ബോറിസിന്റെ കസേര പോകാനുള്ള പ്രധാനകാരണം. അതുകൊണ്ടുതന്നെ സുനാകിനെ തന്റെ എതിരാളിയായാണ് ബോറിസ് കാണുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.