1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2023

സ്വന്തം ലേഖകൻ: ഇപ്പോള്‍ വിപണിയിലിറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളിലും ഇന്‍ബില്‍റ്റ് ബാറ്ററിയാണുള്ളത്. അവ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വയം ഊരി മാറ്റാനോ പുതിയത് മാറ്റിവെക്കാനോ ഒന്നും സാധിക്കില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മിക്ക സ്മാര്‍ട്‌ഫോണുകളിലും ഊരിയെടുക്കാനാവുന്ന ബാറ്ററികളായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ഈ പഴയ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികള്‍ പറയുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള നിയമം പരിഷ്‌കരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ യൂറോപ്യന്‍ യൂണിയനിലെ 587 പാര്‍ലമെന്റ് അംഗങ്ങള്‍ സ്മാര്‍ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും റിമൂവബിള്‍ ബാറ്ററി തിരികെ കൊണ്ടുവരുന്നതിനെ അനുകൂലിച്ചപ്പോള്‍ വെറും ഒമ്പത് പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഊരിമാറ്റാനാവും വിധം ഉപകരണങ്ങളില്‍ ബാറ്ററി സ്ഥാപിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. എന്തായാലും ഈ നിയമം നിലവില്‍ വരണമെങ്കില്‍ ഏകദേശം 2027 എങ്കിലും ആകണം. ഈ നീക്കത്തോട് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. തീരുമാനം നിര്‍ബന്ധിതമാക്കിയാല്‍ സ്മാര്‍ട്‌ഫോണുകളുടെ നിലവിലുള്ള രൂപകല്‍പനയിലും നിര്‍മാണ രീതികളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും.

ഉപകരണങ്ങളുടെ കനം, ഭാരം എന്നിവ കുറയ്ക്കാനും വാട്ടര്‍ റെസിസ്റ്റന്‍സ് വര്‍ധിപ്പിക്കാനുമെല്ലാം വേണ്ടിയാണ് ഇപ്പോള്‍ മിക്ക കമ്പനികളും ഇന്‍ബില്‍റ്റ് ബാറ്ററികള്‍ ഉപയോഗിക്കുന്നത്. ബാക്ക് പാനലുകള്‍ പശ വെച്ച് ഉറപ്പിക്കുന്ന രീതിയാണിപ്പോള്‍. ഇത് നീക്കി ബാറ്ററി എടുക്കണം എങ്കില്‍ പ്ര്‌ത്യേകം ഉപകരണങ്ങളും പരിശീലനവും ആവശ്യമാണ്.

ഈ നിയമം യൂറോപ്യന്‍ യൂണിയന് മാത്രം വേണ്ടിയുള്ളതാണെങ്കിലും സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് ആ മേഖലയ്ക്ക് മാത്രമായി ഉല്‍പന്നങ്ങള്‍ പ്രത്യേകം ഇറക്കുക ശ്രമകരമാണ്. നേരത്തെ യുഎസ്ബി ടൈപ്പ് സി നിര്‍ബന്ധിതമാക്കാനുള്ള നിയമം യൂറോപ്പ് നിര്‍ബന്ധമാക്കിയപ്പോള്‍ അത് ആഗോള തലത്തില്‍ പ്രാബല്യത്തില്‍ വരുന്ന സ്ഥിതിയുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.