
സ്വന്തം ലേഖകൻ: സിമി നേതാവും 2003ല്‍ മുംബൈ മുളുണ്ടില്‍ ലോക്കല്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ ആലുവ കപ്രശേരി ചാണേപ്പറമ്പില്‍ മുഹമ്മദ് ബഷീറിനെ (സി.എ.എം. ബഷീര്‍) ഇന്റര്‍പോള്‍ പിടികൂടി. കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച കാര്യം വിമാനത്താവളത്തിലെ സുരക്ഷാ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാക്കുകയും ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബഷീര്‍ നിരോധിത സംഘടനയായ ‘സിമി’യുടെ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) മുന്‍ ദേശീയ പ്രസിഡന്റ് ആണ്.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് വിമാനത്താവളത്തില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായിരുന്നു. യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ശേഷമാണ് കാനഡയില്‍ എത്തിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുന്നു. ബഷീര്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ ആലുവയിലുള്ള സഹോദരി സുഹറാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തസാംപിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്താന്‍ മുംബൈ കോടതി അനുമതി നല്‍കി.
അടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നോ അംഗീകൃത ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ ഓഫീസര്‍ മുഖേന സാമ്പിളുകള്‍ എടുക്കാനാണ് കോടതി പോലീസിന് അനുമതി നല്‍കിയത്. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാനും സുഹാര്‍ബീവി കുഞ്ഞിയുടെ രക്തസാമ്പിളുകള്‍ നല്‍കാനും ഇവരുടെ കുടുംബത്തോട് കോടതി നിര്‍ദേശിച്ചു.
പാക്കിസ്ഥാനില്‍ 1980ല്‍ പരിശീലനം നേടിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണു ബഷീര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത്. കളമശേരി ബസ് കത്തിക്കല്‍ കേസിലും തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലും ഇയാളുടെ പങ്കാളിത്തം കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ സംശയിച്ചെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.
1989ല്‍ ‘സിമി’യുടെ ദേശീയ പ്രസിഡന്റായി. നിരോധനത്തിലേക്കു നയിച്ച പ്രവര്‍ത്തനങ്ങള്‍ സംഘടന ഏറ്റെടുത്തത് ബഷീറിന്റെ കാലത്താണെന്നു പൊലീസ് പറഞ്ഞു. 1992ലെ അഹമ്മദാബാദ് സ്ഫോടനത്തെ തുടര്‍ന്നാണു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല