1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2023

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശനം ജൂൺ 21 മുതൽ 24 വരെ. ജൂൺ 20ന് ന്യൂയോർക്കിലെത്തുന്ന മോദിയെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിക്കും. ജൂൺ 21ന് യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടൻ ഡിസിയിലേക്ക് യാത്ര ചെയ്യും.

ജൂൺ 22ന് മോദിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും. അന്നുതന്നെയായിരുന്നു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി രണ്ടാംവട്ടവും അഭിസംബോധന ചെയ്യുക. 2016ൽ ഒബാമ ഭരണകൂടത്തിന്റെ സമയത്തും മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.

ജൂൺ 23ന് വാഷിങ്ടൻ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിങ് ആൻഡ് ഇന്റർനാഷനൽ ട്രേഡ് സെന്ററിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വളർച്ചയിൽ വിദേശത്തെ ഇന്ത്യക്കാർക്കുള്ള പങ്ക് എന്നതാണ് പരിപാടിയുടെ അജൻഡ. പ്രാദേശിക സമയം രാത്രി ഏഴു മുതൽ ഒൻപതു വരെയാണ് മോദിയുടെ പരിപാടി.

ആയിരത്തോളം പേര്‍ക്കാണ് ക്ഷണം. യുഎസ് ഇന്ത്യൻ കമ്യൂണിറ്റി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ രാജ്യാന്തര ഗായിക മേരി മിൽബെന്റെ പ്രകടനവും ഉണ്ടാകും. ജൂൺ 21ന് യുഎൻ ആസ്ഥാനത്ത് നടത്തുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിലും മോദിക്കൊപ്പം മിൽബെൻ പങ്കെടുക്കും.

23ന് ഉച്ചഭക്ഷണത്തിന് വൈസ് പ്രസി‍ഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലെത്തിയതുമുതൽ ഇതുവരെ ആറു തവണ മോദി യുഎസ് സന്ദർശിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസിൽനിന്നു യാത്രതിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദെൽ ഫത്തേ എൽ–സിസിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.