
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഇൗ മാസം 27 മുതൽ 30 വരെ (ഇസ്ലാമിക് ഹിജ്‌റ കലണ്ടർ പ്രകാരം ദുൽ ഹജ് 9 മുതൽ 12 വരെ) അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ഇത് ആറ് ദിവസത്തെ അവധിയായി നീളുന്നു. യുഎഇ പൊതുമേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ജീവനക്കാർ ജൂലൈ 3നാണ് വീണ്ടും ജോലിക്കെത്തുക. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ശമ്പളമുള്ള അവധിയായിരിക്കും ഇത്. ബലിപെരുന്നാൾ അവധിക്ക് മുമ്പുള്ള വാരാന്ത്യം കഴിഞ്ഞ് ഇടയ്ക്ക് ഒരു ദിവസം ( 26 ന്) ജോലി ചെയ്യേണ്ടതുണ്ട്. മലയാളികളുൾപ്പെടെ ചില പ്രവാസികൾ ഇൗ ദിവസം അവധിയെടുത്ത് ഒൻപത് ദിവസത്തെ ഇടവേളയിൽ നാട്ടിൽ പോയി വരാൻ ആലോചിക്കുന്നു.
വേനൽക്കാല അവധിക്ക് നാട്ടിലേയ്ക്ക് പോകാൻ തീരുമാനിച്ചവർ ബലി പെരുന്നാൾ അവധികൾ കൂടി ചേർത്ത് യാത്ര തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ന്( 19) ദുൽഹജ് ആദ്യ ദിവസമാണെന്ന് സൗദി ഇന്നലെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് ഗൾഫിൽ അറഫാ ദിനം 27 നും ബലി പെരുന്നാളിന്റെ ആദ്യ ദിനം 28നും ആയിരിക്കും. ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹജ് പത്താം ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
പെരുന്നാള്‍ ആഘോഷം ഹജ് തീർഥാടനത്തിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ഇസ് ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ് ശാരീരികവും സാമ്പത്തികമായി കഴിവുള്ളതുമായ ഓരോ ഇസ് ലാം മത വിശ്വാസിയും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല