
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുകെ ഹോം ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒപ്പം ചേര്‍ന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. റെയ്ഡില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 105 ൽപ്പരം ആളുകൾ അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച ഋഷി സുനക് നോര്‍ത്ത് ലണ്ടനിലെ ബ്രെന്റില്‍ നടന്ന റെയ്ഡിലാണ് പങ്കെടുത്തത്. പിടികൂടിയവരില്‍ 40 പേരെ ഉടന്‍ നാടുകടത്തുമെന്ന് ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു.
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അനധികൃത കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിവാക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതിനെ തുടർന്നാണ് ഹോം ഓഫീസ് റെയ്ഡ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഋഷി സുനക് കൂടി റെയ്ഡിന് പിന്തുണയേകി പങ്കെടുത്തത്.
യുകെയിലുടനീളം നടന്ന ഹോം ഓഫീസ് റെയ്ഡിൽ 159 അനധികൃത തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് 105 വിദേശ പൗരന്മാരെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റെസ്റ്ററന്റുകള്‍, കാര്‍ വാഷ് കേന്ദ്രങ്ങള്‍, നെയില്‍ ബാറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നാണ് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തത്. അനധികൃത ജോലി, തെറ്റായ രേഖകള്‍ കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചില സ്ഥലങ്ങളില്‍ നിന്ന് പണവും പിടിച്ചെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല