
സ്വന്തം ലേഖകൻ: തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് യാത്രികരുമായി പോയ ജലപേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. യുഎസ് കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ ജലപേടകം ടൈറ്റനാണ് കാണാതായത്. പേടകത്തിന്റെ പൈലറ്റിനെ കൂടാതെ ബ്രിട്ടീഷ് ശതകോടീശ്വരനും പര്യവേഷകനുമായ ഹാമിഷ് ഹാര്‍ഡിങ് ഉള്‍പ്പെടെ നാലു പേരാണ് ജലപേടകത്തിലുള്ളത്.
യുഎസ്-കാനഡ കോസ്റ്റ് ഗാര്‍ഡുകള്‍ ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ടൈറ്റന് എന്താണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല. തന്റെ യാത്രയെ കുറിച്ച് ഹാമിഷ് ഹാര്‍ഡിങ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പേടകം കാണാതായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളും യുഎസ്-കാനഡ നാവികസേനകളും ആഴക്കടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കനേഡിയന്‍ കപ്പലായ പോളാര്‍ പ്രിന്‍സില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് ടൈറ്റന്‍ ജലപേടക സംഘം യാത്ര തിരിച്ചത്. എന്നാല്‍, ഏകദേശം ഒരു മണിക്കൂറും നാല്‍പ്പത്തഞ്ചു മിനിറ്റും കഴിഞ്ഞപ്പോള്‍ പോളാര്‍ പ്രിന്‍സിന് ജലപേടകവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പേടകത്തിലുള്ള അഞ്ചു പേരെയും രക്ഷിക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനി അറിയിച്ചിട്ടുണ്ട്.
കാണാതായ ടൈറ്റന്‍ പേടകത്തിന് ഏകദേശം ഒരു ട്രക്കിന്റെ വലിപ്പമുണ്ട്. 22 അടി നീളവുമുള്ള ഈ ജലപേടകത്തിന് അഞ്ചു പേരെ 96 മണിക്കൂറോളം വഹിക്കാനാകും. അടിയന്തരഘട്ടങ്ങളില്‍ നാലു ദിവസത്തേക്ക് ആവശ്യമുള്ള ഓക്‌സിജനും ടൈറ്റനിലുണ്ടെന്നാണ് വിവരം. ഒരു പൈലറ്റും മൂന്ന് യാത്രികരുമാണ് സാധാരണയായി പേടകത്തില്‍ ഉണ്ടാവാറ്. പതിനായിരത്തില്‍ അധികം കിലോ ഭാരവുമുണ്ട്. നാലായിരത്തില്‍ അധികം മീറ്റര്‍ ആഴത്തിലേക്ക് സഞ്ചരിക്കാനുമാകും. മണിക്കൂറില്‍ 5.55 കിലോ മീറ്ററാണ് ടൈറ്റന് സഞ്ചരിക്കാനാകുന്ന വേഗത. ടൈറ്റനില്‍ ജി.പി.എസ്. സംവിധാനമില്ല. പകരം ജലോപരിതലത്തിലുള്ള ടീമില്‍നിന്ന് ലഭിക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് ടൈറ്റനെ നിയന്ത്രിക്കുന്നത്.
ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സില്‍നിന്നാണ് പേടകത്തിന്റെ യാത്ര ആരംഭിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അരികിലേക്ക് പോയി മടങ്ങിവരാന്‍ ആവശ്യമാവുക ഏകദേശം എട്ടു മണിക്കൂറാണ്. മൂന്നു പേടകങ്ങള്‍ സ്വന്തമായുണ്ടെന്നാണ് ഓഷ്യന്‍ഗേറ്റ് തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ഇതില്‍ ടൈറ്റന് മാത്രമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അടുത്തുപോയി മടങ്ങി എത്താനുള്ള ശേഷിയുള്ളത്. ടൈറ്റന്‍ ഉള്‍പ്പെടെയുള്ള ജലപേടകങ്ങളെ ടൈറ്റാനിക് തകര്‍ന്നുകിടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നത് പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ്. തുടര്‍ന്ന് ജലപേടകം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്ക് യാത്രക്കാരുമായി പോകും.
ടൈറ്റാനിക്കിനെ കാണാനുള്ള യാത്ര നല്ല പണച്ചലവുള്ള സംഗതിയാണ്. എട്ടു ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ നല്‍കേണ്ടത് രണ്ടു കോടിയോളം (2,05,30,125) രൂപയാണ്. ആളുകളെ പേടകത്തിനുള്ളില്‍ ആക്കിയ ശേഷം പുറത്തുനിന്ന് അടച്ച് ഭദ്രമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍തന്നെ അപകടത്തില്‍പ്പെടുന്ന പക്ഷം പേടകത്തില്‍നിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടേറിയ സംഗതിയാണെന്ന് മുന്‍പ് ടൈറ്റനില്‍ സഞ്ചരിച്ചവര്‍ അന്തര്‍ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചു. പേടകം ജലോപരിതലത്തില്‍ എത്തിച്ചാലും/ എത്തിപ്പെട്ടാലും പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ യാത്രികര്‍ക്ക് അതില്‍നിന്ന് പുറത്തിറങ്ങാനാവില്ലെന്ന് ചുരുക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല