റോം: മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ അസ്ഥിസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. രോഗം മൂലം അദ്ദേഹത്തിന് നടക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇക്കാരണത്താല്‍ മാര്‍പ്പാപ്പ അടുത്തിടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന കുര്‍ബാനയില്‍ വീല്‍ചെയറിലാണ് എത്തിയത്. കുര്‍ബാന പള്ളിയുടെ താഴത്തെ നിലയില്‍ മതിയെന്ന് അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സഹായികളാണ് അദ്ദേഹത്തെ അള്ത്താരയിലെത്തച്ചത്.
മാര്‍പ്പാപ്പയുടെ മുട്ടുകള്‍ക്കും ഇടുപ്പിനും കണങ്കാലുകള്‍ക്കും തേയ്മാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബെനിനിലേക്ക് അടുത്തയാഴ്ച പോപ്പ് നടത്താനിരുന്ന ത്രിദിന സന്ദര്‍ശനം പ്രതിസന്ധിയിലായിരിക്കുകയാണ്. ആറ് വര്‍ഷം മുമ്പ് ചുമതലയേറ്റ അദ്ദേഹത്തിന്റെ രണ്ടാം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സന്ദര്‍ശനമാണ് ഇത്. യാത്ര റദ്ദാക്കുമെന്ന് വത്തിക്കാന്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അടുത്തവര്‍ഷം പോപ്പ് ക്യൂബയിലും മെക്സിക്കോയിലും സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ ഇന്നലെ അറിയിച്ചു.
എന്നാല്‍ അസ്ഥിരോഗത്തെ പ്രായാധിക്യം കൊണ്ടുള്ള രോഗങ്ങള്‍ എന്ന് വിശേഷിപ്പിച്ച വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംപാര്ഡി പോപ്പ് ആരോഗ്യവാനാണെന്നാണ് പറയുന്നത്. പോപ്പ് പതിവായി ഓഫീസിലെത്തുന്നുണ്ടെന്നും തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാര്പ്പാപ്പയ്്ക്ക് കായികമായോ മാനസികമായോ ആത്മീയമായോ ആരോഗ്യം നഷ്ടപ്പെട്ടാല്‍ പദവി രാജിവയ്ക്കാവുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ തന്റെ ജീവചരിത്രത്തില്‍ അദ്ദേഹം എഴുതിയിരുന്നു. 2005ല്‍ ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹം വളരെ ആരോഗ്യവാനായിരുന്നു. ആറ് വര്‍ഷത്തിനിടെ ഈ ലോകം മുഴുവന്‍ സഞ്ചരിച്ച് ഏറെ ജനപ്രീയനായിത്തീര്ന്ന അദ്ദേഹം അനാരോഗ്യത്തിന്റെ സാഹചര്യത്തില്‍ പദവി ഒഴുയുമോയെന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല