1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2023

സ്വന്തം ലേഖകൻ: ഖത്തറും യുഎഇയും തങ്ങളുടെ എംബസികള്‍ വീണ്ടും തുറന്നതോടെ സമ്പൂര്‍ണ്ണ നയതന്ത്രബന്ധം പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. അബുദാബിയിലെ ഖത്തര്‍ എംബസിയും ദുബായിലെ കോണ്‍സുലേറ്റും ദോഹയിലെ യുഎഇ എംബസിയും പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഈജിപ്തിൻ്റെ നേതൃത്വത്തിൽ യുഎഇ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഖത്തറിനെതിരേ നടത്തിയ ഉപരോധം അവസാനിപ്പിച്ച അല്‍ ഉലാ ഉച്ചകോടിക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്. സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഉപരോധത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും കഴിഞ്ഞ വർഷം നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു.

ഇരു രാജ്യങ്ങളിലെയും രണ്ട് എംബസികൾ പ്രവർത്തനം പുനരാരംഭിച്ച പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രിമാരായ ഖത്തറിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎഇയുടെ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദും പരസ്പരം ഫോണില്‍ സംസാരിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും താല്‍പര്യം പരിഗണിച്ചാണ് നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇറാനിലെ എംബസി വീണ്ടും തുറക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഉള്‍പ്പെടെ മേഖലയിലെ മറ്റ് നയതന്ത്ര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍.

അതിനിടെ, ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനരാരംഭിച്ചതിനെ കുവൈറ്റും സ്വാഗതം ചെയ്തു. ഈ നടപടി ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായകമാവും. ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള ജിസിസി നേതാക്കളുടെ താൽപര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.