
സ്വന്തം ലേഖകൻ: ചാള്‍സ് രാജാവായതിന് ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ ആദരിക്കപ്പെടുന്നവരില്‍ നാല്‍പതിലധികം ഇന്ത്യന്‍ വംശജര്‍. അതില്‍ മലയാളികളും ഉള്‍പ്പെടുന്നു . സിവില്‍ (സ്ട്രക്ചറല്‍ ) എഞ്ചിനീയറിംഗ് മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സി ബി ഇ) അവാര്‍ഡ് നേടിയ പ്രൊഫസര്‍ പി എ മുഹമ്മദ് ബഷീര്‍ ആണ് അവരിലൊരാള്‍. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം.
മുഹമ്മദ് ബഷീര്‍, റീബില്‍ഡ് കേരള, കേരള സയന്‍സ് പാര്‍ക്ക് എന്നിവയുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 2015 മുതല്‍ 2021 വരെ ലീഡ്‌സിലെ സ്‌കൂള്‍ ഓഫ് സിവില്‍ എഞ്ചിനീയറിംഗിന്റെ തലവനായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സെപ്റ്റംബറില്‍ ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എനര്‍ജി ജിയോസയന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്ദ് സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് ഡീനായി ചുമതലയേല്‍ക്കും.
1981 ല്‍ കൊല്ലം ടി കെ എം കോളേജില്‍ നിന്നാണ് അദ്ദേഹം എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. തുടര്‍ന്ന് കോഴിക്കോട്ട് ആര്‍ ഇ സിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദെഹം അവിടെ ദീര്‍ഘകാലം അധ്യാപകനായും ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെണ്ണിക്കുളം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ എറണാകുളം സ്വദേശിയായ ഡോ. ലുലു ആണ്. നതാഷ, നവനീത് എന്നിവരാണ് മക്കള്‍.
തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയ്സി ജോണ്‍ ആണ് ബഹുമതി ലഭിച്ച മറ്റൊരു മലയാളി. ജോയിസി ജോണിന് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍ (എം ബി ഇ ) ബഹുമതിയാണ് ലഭിക്കുന്നത്. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തന്റെ കൈയൊപ്പ് രൂപപ്പെടുത്തിയ ജോയ്‌സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയായ എഡ്‌ടെക് ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്ക് ഇവരെ ഇംഗ്ലണ്ട് വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുണ്ട്. സ്‌കൂള്‍ റീ ഇമാജിന്‍ഡ് എക്‌സ്‌പേര്‍ട്ട് പാനലിലേക്ക് വെയില്‍സ് സര്‍ക്കാര്‍ ഇവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുമുണ്ട്.
വിദ്യാഭ്യാസം, ടെക്‌നോളജി, ബാങ്കിംഗ്, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ്‌സിക്ക് സിംഗപ്പൂര്‍, യു, എസ് എ, യു കെ എന്നീ രാജ്യങ്ങളിലായി രണ്ട് ദാശബ്ദക്കാലത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. ഇന്‍വേനിയോ കണ്‍സള്‍ട്ടിംഗ് ഡയറക്ടര്‍ ആയ ചമ്പക്കുളം സ്വദേശി ടോണി തോമസ് ആണ് ഭര്‍ത്താവ്. അമേലിയ, ഏലനോര്‍ എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല