1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2023

സ്വന്തം ലേഖകൻ: ഇന്ന് ഒമ്പതാം അന്താരാഷ്ട്ര യോഗ ദിനമാണ്. യോഗ പരിശീലിക്കുന്നതിന്റെ വിവിധ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ഈ ദിനം ആചരിക്കുന്നത്. 2014 സെപ്റ്റംബറില്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്.

ഈ വര്‍ഷം ആഗോള യോഗാദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നല്‍കുക. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ നേതൃത്വത്തോടൊപ്പം യുഎന്‍ ആസ്ഥാനത്തിലാണ് യോഗ ചെയ്യുക. ഇന്ത്യക്കാര്‍ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുകയും അവയെ സംരക്ഷിച്ച് രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

‘യോഗ വികാരങ്ങളെ ശക്തിപ്പെടുത്തുകയും ആന്തരിക ദര്‍ശനം വികസിപ്പിക്കുകയും അത്തരം ബോധവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പരസ്പരം ഐക്യത്തോടെ ഇരിക്കാനായി മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തിന് അടിസ്ഥാനം നല്‍കുകയും ചെയ്യുന്നു,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

യോഗ ദേശീയ ആഘോഷം മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖറാണ് നയിക്കുക. കൊച്ചിയില്‍ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗ ചെയ്തത്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനുമൊപ്പം വൈസ് പ്രസിഡന്റ് ജഗദീപ് ധന്‍ഖര്‍ യോഗ അവതരിപ്പിച്ചു. യോഗയെ ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നടത്തിയതെന്നാണ് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പറഞ്ഞത്.

‘ഈ മഹത്തായ യോഗ പരിപാടി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രിയോട് ഞാന്‍ നന്ദി പറയുന്നു. രാജ്യത്തെ പ്രധാന യോഗാ പരിപാടി ഇവിടെ ജബല്‍പൂരിലാണ് നടക്കുന്നത്. യോഗയെ ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നടത്തിയത്,’ പ്രഹ്ലാദ് സിംഗ് പട്ടേല്‍ പറഞ്ഞു.

ഈ വര്‍ഷത്തെ യോഗ ദിനാചരണത്തിന്റെ പ്രമേയം വസുധൈവ കുടുംബകം എന്നതാണ്. അതായത് ലോകം ഒരു കുടുംബം എന്ന രൂപത്തില്‍ എല്ലാവരുടെയും ക്ഷേമത്തിനായാണ് യോഗ എന്നതാണ് ഈ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്. ഡല്‍ഹി എയിംസില്‍ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയില്‍ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പങ്കെടുത്തു.

റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ നൂറുകണക്കിന് ആളുകള്‍ക്കൊപ്പം പങ്കുചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഗുരുഗ്രാമിലെ സ്റ്റേഡിയത്തില്‍ വെച്ചും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഡല്‍ഹിയില്‍ വെച്ചുമാണ് യോഗ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഹരിദ്വാറില്‍ വച്ച് യോഗ ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.