1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശിവൽക്കരണ നിയമത്തിൽ കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജീവനക്കാരുടെ എണ്ണം 50ൽ താഴെയായി കുറയ്ക്കാൻ ചിലരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കി ഒരേ സ്പോൺസറുടെ മറ്റൊരു കമ്പനിയിലേക്കു മാറ്റുകയും ചെയ്തതു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ മുന്നറിയിപ്പു നൽകിയത്.

മന്ത്രാലയ ഉദ്യോഗസ്ഥർ കമ്പനിയിൽ നേരിട്ടെത്തി പരിശോധിച്ചപ്പോൾ കൃത്രിമം ബോധ്യപ്പെട്ടു. ഇതോടെ ഒരു ലക്ഷം ദിർഹം (22.3 ലക്ഷം രൂപ) പിഴ ചുമത്തുകയായിരുന്നു. നിയമ ലംഘനം ആവർത്തിച്ചാൽ 3 ലക്ഷം ദിർഹമും മൂന്നാം തവണയും നിയമം ലംഘിക്കുന്ന കമ്പനിക്കു 5 ലക്ഷം ദിർഹമും പിഴ ചുമത്തുമെന്നും വ്യക്തമാക്കി.

സ്വദേശിവൽക്കരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) നിയമം അനുസരിച്ച് 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങൾ വർഷത്തിൽ 2% സ്വദേശികളെയാണ് നിയമിക്കേണ്ടത്. സ്ഥാപനങ്ങളുടെ സൗകര്യാർഥം ഇത് 6 മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം (ജൂൺ, ഡിസംബർ മാസങ്ങളിൽ) ആക്കിയിരുന്നു.

ഈ മാസം 30നായിരുന്നു 6 മാസത്തെ സമയപരിധി അവസാനിക്കുന്നതെങ്കിലും ഈദ് അവധി ദിനങ്ങൾ വന്നതോടെ ഒരാഴ്ചത്തേക്കു സാവകാശം നൽകി. ഇതനുസരിച്ച് ജൂലൈ 7നകം ഒരു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കണം. നിയമം പാലിക്കാത്ത സ്ഥാപനത്തിന് ജൂലൈ 8ന് പിഴ ചുമത്തും. നിശ്ചിത ശതമാനം സ്വദേശിയെ ജോലിക്കു വയ്ക്കാത്ത സ്ഥാപനത്തിന് ഒരു സ്വദേശിക്ക് 42,000 ദിർഹം (6×7000) വീതമാണ് പിഴ. ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി തൊഴിലാളികളെ വച്ചില്ലെങ്കിൽ പിഴ വർധിക്കും.

ഇതേസമയം പരിധിയിൽ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് ഒട്ടേറെ ആനുകൂല്യവും നൽകുന്നുണ്ട്.2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം 5 വർഷത്തിനകം സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കി ഉയർത്താനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.