
സ്വന്തം ലേഖകൻ: യുകെയിലെ 200ല്‍ അധികം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് മിനിമം ശമ്പളം നല്‍കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് മേല്‍ ഏഴ് മില്യണ്‍ പൗണ്ടിന്റെ പിഴ ഈടാക്കാനും ഉത്തരവായിട്ടുണ്ട്. ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍, ആര്‍ഗോസ് തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരും ഈ നിയമലംഘനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
മിനിമം വേയ്ജ് ലഭിക്കാത്ത ആയിരക്കണക്കിന് വര്‍ക്കര്‍മാര്‍ക്ക് പുതിയ ഉത്തരവിനെ തുടര്‍ന്ന് ഒരു ദശാബ്ദകാലത്തോളമുള്ള മുന്‍കാല പ്രാബല്യത്തോടെ അര്‍ഹമായ ശമ്പളം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളികളായ നിരവധി കുടിയേറ്റ ജീവനക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കരുതുന്നത്. തങ്ങള്‍ മനപൂര്‍വമല്ല ഇത്തരത്തില്‍ മിനിമം ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതെന്നും ഇതിന് ഉടനടി പരിഹാരം കാണുമെന്നുമാണ് ഡബ്ല്യൂഎച്ച് സ്മിത്ത്, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ ,ആര്‍ഗോസ് എന്നീ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ ഓരോന്നും എത്രമാത്രമാണ് പിഴയായി നല്‍കേണ്ടെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാല്‍ ഇവര്‍ കൊടുക്കാന്‍ ബാക്കി വച്ചിരിക്കുന്ന ശമ്പള കുടിശ്ശികകളേക്കാള് 200 ശതമാനം വരെ അധികമായിരിക്കും പിഴയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലീഗല്‍ മിനിമം വേയ്ജ് നോണ്‍-നെഗോഷ്യബിളാണെന്നും എല്ലാ സ്ഥാപനങ്ങളും കഠിനാധ്വാനം ചെയ്യുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കിയിരിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്നുമാണ് മിനിസ്റ്റര്‍ ഫോര്‍ എന്റര്‍പ്രൈസ്, മാര്‍ക്കറ്റ്സ്, ആന്‍ഡ് സ്മാള്‍ ബിസിനസ് ആയത കെവിന് ഹോള്ളിന്റേക്ക് വ്യക്തമാക്കിയിരിക്കുന്നത്.
ഈ ഏപ്രിലില്‍ ലിവിംഗ് വേയ്ജ്,നാഷണല്‍ മിനിമം വേയ്ജ് എന്നിവയില്‍ 9.7 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. ഇത്തരത്തില്‍ 63,000 ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം ലഭിച്ചില്ലെന്നും ഈ നിയമലംഘനത്തില്‍ ഭൂരിഭാഗവും നടന്നത് 2017നും 2019നും ഇടയിലാണെന്നുമാണ് ബിസിനസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. ഈ നിയമലംഘനം ഏറ്റവും കൂടുതല്‍ നടത്തിയത് ഡബ്ല്യൂഎച്ച് സ്മിത്താണ്. ഇവര്‍ 17,600 ജീവനക്കാരില്‍ കൂടുതല്‍ പേര്‍ക്കാണ് അര്‍ഹമായ ശമ്പളം നല്‍കാതിരുന്നത്. ഇത് ഒരു മില്യണ്‍ പൗണ്ടിലധികം വരുന്ന തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല