1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2023

സ്വന്തം ലേഖകൻ: തെരുവ് നായ്ക്കളുടെ ആക്രമണം കേരളത്തിലെ ഏറ്റവും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അടുത്തിടെ നിരവധിപ്പേർക്കാണ് നായക്കളുടെ കടിയേറ്റത്. ഇങ്ങനെ തെരുവ് നായ്ക്കള്‍ അക്രമസക്തരാകാനുള്ള കാരണമെന്ത്? നിരവധി കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നത്. ഫലപ്രദമായ വന്ധ്യംകരണത്തിന്റെ അഭാവം, കൃത്യമായ മാലിന്യനിർമാർജനം ഇല്ലായ്മ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കൽ തുടങ്ങിയവയാണ് പ്രധാനമായും സൂചിപ്പിക്കുന്നത്.

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം നായ്ക്കളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ മാറ്റങ്ങൾ അവയുടെ അക്രമവാസന വർധിക്കാൻ കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തെരുവ് നായ്ക്കൾക്ക് മാത്രമല്ല വീട്ടിൽ വളർത്തുന്ന നായ്ക്കൾക്കും ഈ മാറ്റം ബാധകമാണ്. മനുഷ്യർക്ക് നായയുടെ കടിയേൽക്കാനുള്ള സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്.

ഉദാഹരണത്തിന് സൂര്യതാപം സാധാരണയിലും കൂടുതലുള്ള ദിവസങ്ങളിലും ഉയർന്ന അളവിൽ വായുമലിനീകരണം ഉള്ളപ്പോഴും നായയുടെ ആക്രമണ സാധ്യത 11 ശതമാനം വരെ വർധിക്കുമെന്ന് ഗവേഷകർ പറയുന്നു. മുൻപ് പഠനങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ മനുഷ്യനും കുരങ്ങുകളും എലികളും എല്ലാം കൂടുതൽ അക്രമ സ്വഭാവം കാണിക്കാൻ ഇടയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ പഠനത്തിലാണ് നായ്ക്കളിലും ഈ പെരുമാറ്റത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.

വർഷങ്ങളോളം നീണ്ട ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തെ നായ്ക്കളുടെ സ്വഭാവവുമായി ഗവേഷകർ ബന്ധിപ്പിക്കുന്നത്. നേച്ചർ ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ 2008 മുതൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നായ്ക്കളുടെ ആക്രമണങ്ങളുടെ കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകളാണ് കാലാവസ്ഥാ വ്യതിയാനവും നായ്ക്കളുടെ ആക്രമണങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്ന്.

മേൽപ്പറഞ്ഞ കാലയളവിൽ അമേരിക്കയിലെ എട്ട് നഗരങ്ങളിലായി നായ്ക്കളുടെ കടിയേറ്റത് 69,525 പേർക്കാണ്. അതായത് ശരാശരി കണക്കെടുത്താൽ പത്ത് വർഷത്തിനിടയിൽ ഒരു ദിവസം കടിയേറ്റത് മൂന്ന് പേർക്ക് വീതമാണ്. തുടർന്നാണ് ഈ കണക്കുകളെ ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ രേഖപ്പെടുത്തിയ ദിവസത്തെയും, ഉയർന്ന താപനില രേഖപ്പെടുത്തിയ ദിവസങ്ങളെയും ആയി ഗവേഷകർ ബന്ധപ്പെടുത്തിയത്.

ഉയർന്ന അളവിൽ യുവി രശ്മികൾ രേഖപ്പെടുത്തിയ ദിവസങ്ങളിൽ നായ്ക്കളുടെ ആക്രണത്തിൽ 11 ശതമാനം വർധനവ് ഉണ്ടായതായി കണ്ടെത്തി. ചൂടുള്ള ദിവസങ്ങളിൽ 4 ശതമാനം വർധനവാണ് നായ്ക്കളുടെ ആക്രമണത്തിൽ ഉണ്ടായത്. ഓസോൺ അളവിൽ വർധനവുണ്ടായ ദിവസങ്ങളിൽ മൂന്ന് ശതമാനം വർധനവുണ്ടായതായും കണ്ടെത്തി. അതേസമയം മഴ പെയ്ത ദിവസങ്ങളിൽ നായ്ക്കളുടെ ആക്രമണത്തിൽ ഒരു ശതമാനം വരെ കുറവുണ്ടായെന്നും കണക്കുകൾ പറയുന്നു,

ഉയർന്ന താപനില മറ്റ് മിക്ക ജീവികളിലും എന്ന പോലെ നായ്ക്കളിലും ഹൃദയമിടിപ്പ് വർധിക്കാനും, രക്തസമ്മർദം ഉയരാനും, വിയർക്കാനും എല്ലാം കാരണമാകും. ഈ മാറ്റങ്ങൾ നായ്ക്കളിൽ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. ഇതോടെ നായ്ക്കൾ അസ്വസ്ഥമാകുമെന്നും സ്വാഭാവികമായും ഇത് നായ്ക്കളിൽ അവ സുരക്ഷിതമല്ല എന്ന ബോധ്യം ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. ഇതോടെ ഈ ജീവികൾ അക്രമവാസന പുറത്തെടുക്കും. കൂടാതെ നായ്ക്കളിലെ ടെസ്റ്റോസ്റ്ററോണും മറ്റും ഉയർത്തുന്ന താപക്കാറ്റും നായ്ക്കളിലെ അക്രമവാസനയ്ക്ക് പിന്നിലെ മറ്റൊരു ഉത്തരവാദിയാണെന്ന് രാജ്യാന്തര പഠനങ്ങൾ പറയുന്നു.

കേരളമാണ് സമീപകാലത്ത് നായ്ക്കളുടെ ആക്രമണത്തിൽ കുപ്രസിദ്ധി ആർജിച്ച് നിൽക്കുന്നതെങ്കിലും ഇന്ത്യയുടെ ആകെ കണക്കെടുത്താൽ മറ്റ് പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ മുന്നിലാണ്. പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം നായ്ക്കളുടെ ആക്രമണത്തിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. തൊട്ടുപുറകിൽ തമിഴ്നാടും ആന്ധ്രപ്രദേശും നായ്ക്കളുടെ കടിയേൽക്കുന്നവരിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത് , ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.