സ്വന്തം ലേഖകൻ: കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ അധികൃതര്‍ വ്യപകമാക്കി. കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ചിലര്‍ പ്രവാസികള്‍ താമസിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളാണ് മുനിസിപ്പിലാറ്റി അധികൃതര്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സാല്‍മിയ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘകരെ പിടികൂടിയതായി ഹവല്ലി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് എമര്‍ജന്‍സി ടീം തലവന്‍ ഇബ്രാഹിം അല്‍ സബാന്‍ അറിയിച്ചു.
സാല്‍മിയയിലെ ബ്ലോക്ക് 12ല്‍ സ്ഥിതി ചെയ്യുന്ന നിരവധി കെട്ടിടങ്ങളിലാണ് കഴിഞ്ഞയാഴ്ച മുതല്‍ പരിശോധനാ സംഘം എത്തിയത്. നിയമം ലംഘിച്ച് ബാച്ചിലര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കിയ അപ്പാര്‍ട്ട്മെന്റുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നു മാത്രമല്ല, താമസ കെട്ടിടങ്ങളില്‍ ചിലത് സ്റ്റോറുകളും റെസ്റ്റോറന്റുകളും ആക്കി മാറ്റിയതായും സംഘം കണ്ടെത്തിയതായി അദ്ദേഹത്തെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില വീടുകള്‍ കേന്ദ്രീകരിച്ച് അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഓരോ ദിവസവും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിക്ക് അല്‍ ദബ്ബൂസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവാസികളുടെ താമസ ഇടങ്ങളില്‍ വൈദ്യുതി മോഷണം, മലിനജല മാന്‍ഹോളുകളുടെ ദുരുപയോഗം, അനധികൃത പാര്‍ട്ടീഷന്‍, നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെയും നിക്ഷേപകരെയും കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും മുനിസിപ്പാലിറ്റി മടിക്കില്ലെന്നും തങ്ങളുടെ കെട്ടിടങ്ങളില്‍ നിയമ ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കെട്ടിട ഉടമകളുടെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ വിരുദ്ധമായി ബാച്ചിലര്‍മാര്‍ക്ക് അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്ക് നല്‍കിയതായി കണ്ടെത്തിയ സംഭവത്തില്‍ നാല് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. വസ്തുവിന്റെ ഉടമയ്‌ക്കെതിരേ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഈ അപ്പാര്‍ട്ടുമെന്റുകളില്‍ താമസിച്ചിരുന്ന പ്രവാസി തൊഴിലാളികളുടെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടിക്കായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് അവരുടെ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല