1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: യുകെയിലെ ആയിരക്കണക്കിന് റെയില്‍ വര്‍ക്കര്‍മാര്‍ വീണ്ടും സമരത്തിന്. നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എംടി) വര്‍ക്കര്‍മാരാണ് ജൂലൈയില്‍ മൂന്ന് ദിവസത്തെ സമരത്തിനൊരുങ്ങുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തങ്ങളുടെ സേവന-വേതന വ്യവസ്ഥകളില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണിവര്‍ വീണ്ടുമൊരു പണിമുടക്കിനിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ 14 റെയില്‍ കമ്പനികളിലെ ആര്‍എംടി അംഗങ്ങള്‍ ജൂലൈ 20, 22, 29 തിയതികളിലായിരിക്കും പണി മുടക്കുകയെന്നാണ് യൂണിയന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരുമായും റെയില്‍ കമ്പനികളുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാലാണ് സമരം ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നും യൂണിയന്‍ വിശദീകരിക്കുന്നു.

എന്നാല്‍ യൂണിയന്‍ പുതിയ സമരത്തിനിറങ്ങുന്നത് തികച്ചും അനാവശ്യമാണെന്നും തങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ശമ്പള ഓഫര്‍ മെമ്പര്‍മാര്‍ക്ക് നടപ്പിലാക്കാനാണ് യൂണിയന്‍ ശ്രമിക്കേണ്ടതെന്നുമാണ് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ട്രെയിന്‍ ജീവനക്കാര്‍ നടത്തിയ വിവിധ സമരങ്ങള്‍ നെറ്റ് വര്‍ക്കുകളില്‍ വന്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളുമാണുണ്ടാക്കിയിരുന്നത്.

യുകെയില്‍ ജീവിതച്ചെലവ് അനുദിനം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ശമ്പളം ജീവനക്കാര്‍ക്ക് അനുവദിക്കണമെന്നാണ് യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെടുന്നത്. എന്നാല്‍ യൂണിയനുകളുടെ ഇക്കാര്യത്തിലെ പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നാണ് റെയില്‍ കമ്പനികള്‍ പറയുന്നത്.

ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ശമ്പള വിഷയത്തില്‍ പുതിയ ഓഫറുകള്‍ പുറപ്പെടുവിക്കാത്തതിനാല്‍ ഗാര്‍ഡുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍, സ്റ്റേഷന്‍ സ്റ്റാഫുകള്‍ എന്നിവരടങ്ങുന്ന തങ്ങളുടെ 20,000ത്തോളം മെമ്പര്‍മാര്‍ ജൂലൈയില്‍ മൂന്ന് ദിവസം പണിമുടക്കുമെന്നാണ് ആര്‍എംടി പറയുന്നത്. സേവന വേതന വ്യവസ്ഥകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കോ പുതിയ ഓഫറുകള്‍ക്കോ സര്‍ക്കാരും റെയില്‍ കമ്പനികളും തയ്യാറാകുന്നില്ലെന്നാണ് ആര്‍എംടി ജനറല്‍ സെക്രട്ടറിയായ മിക്ക് ലിന്‍ച് ആരോപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.