
സ്വന്തം ലേഖകൻ: യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് കുതിച്ചുയർന്നു. ബലിപെരുന്നാൾ അവധിയും വേനൽക്കാലയാത്രയുമാണ് യാത്രാക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയത്. ഈ മാസം 23-ന് തുടങ്ങിയ തിരക്ക് അടുത്തമാസം ആദ്യവാരംവരെ തുടരുമെന്നാണ് കരുതുന്നത്. ഇക്കാലയളവിൽ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ ഏകദേശം 50 ലക്ഷം യാത്രക്കാർവരെ കടന്നുപോകും.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 9,00,000 യാത്രക്കാർ കടന്നുപോകുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. പെരുന്നാൾ അവധിക്ക് മുൻപും ശേഷവും (ജൂൺ 23 മുതൽ ജൂലായ് ഏഴുവരെ) വിമാനത്താവളം വഴി കടന്നുപോകുന്നവരുടെ ഏകദേശ കണക്കാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. 59 രാജ്യങ്ങളിലെ 109 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5000 വിമാനങ്ങളാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി പറക്കുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും ഈ മാസം 20 മുതൽ തുടങ്ങിയ യാത്രക്കാരുടെ പ്രവാഹത്തിലാണ്. ജൂലായ് മൂന്നുവരെ 35 ലക്ഷം യാത്രക്കാർ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചമാത്രമായി 1,00,000 യാത്രക്കാർ കടന്നുപോയതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പറഞ്ഞു. ഇവിടെ ഏറ്റവും തിരക്കേറിയ ദിവസം ജൂലായ് രണ്ട് ആയിരിക്കുമെന്നാണ് വിവരം.
ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻസും യാത്രക്കാരുടെ തിരക്ക് ആഴ്ചകളോളും തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ 80,000-ത്തിലേറെ യാത്രക്കാർ എമിറേറ്റ്‌സ് എയർലൈൻസ് വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. വേനൽക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഷാർജ അന്താരാഷ്ട്രവിമാനത്താവളം അധികൃതരും അറിയിച്ചു. സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ഈ വർഷം ഇതുവരെ 2.6 കോടിയാളുകൾക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളും പാസ്‌പോർട്ട് കൗണ്ടറുകളും സേവനം നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ അറിയിച്ചു. അതിൽ 90 ലക്ഷം യാത്രക്കാർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു. സെക്കൻഡുകൾക്കകം എൻട്രി, എക്‌സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന 120 സ്മാർട്ട് ഗേറ്റുകളാണ് ദുബായ് വിമാനത്താവളത്തിലുള്ളത്.
ഈ വേനലവധിയിൽ യാത്രക്കാർക്ക് മികവാർന്ന സേവനങ്ങൾ നൽകാൻ പാസ്പോർട്ട് കൗണ്ടറുകളും സ്മാർട്ട് ഗേറ്റുകളും പൂർണമായും സജ്ജമാണെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഈ വർഷത്തെ രണ്ടാംപകുതിയിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായ് എയർപോർട്ട് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ശൻഖീതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല