1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2023

സ്വന്തം ലേഖകൻ: യുകെയിൽ വേനല്‍ കടുത്തതോടെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്നു. ഇതിനെ തുടര്‍ന്ന് സസെക്‌സിലും കെന്റിലും ഇന്ന് മുതല്‍ ഹോസ് പൈപ്പ് ഉപയോഗം നിരോധിക്കുമെന്ന് സൗത്ത് ഈസ്റ്റ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആളുകള്‍ കൂടുതലായി വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് ജലക്ഷാമത്തിന്റെ കാരണങ്ങളിലൊന്നായി സൗത്ത് ഈസ്റ്റ് വാട്ടര്‍ അതോറിറ്റി ആരോപിക്കുന്നു. സസെക്‌സിലും കെന്റിലുമായി രണ്ട് മില്യനിലധികം ആളുകൾക്ക് വെള്ളം വിതരണം ചെയ്യുന്ന കമ്പനിയെന്ന നിലയില്‍ സൗത്ത് ഈസ്റ്റ് വാട്ടറിന്റെ ആരോപണം ഏറെ ഗൗരവകരമായിട്ടാണ് കണക്കാക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടങ്ങളില്‍ ജലത്തിനുള്ള ആവശ്യകത ഏതാണ്ട് 20 ശതമാനത്തോളം കുതിച്ചുയര്‍ന്നുവെന്നും ഇതിനെ തുടര്‍ന്ന് തങ്ങളുടെ നിലവിലുള്ള ജലവിതരണ സംവിധാനം കടുത്ത സമ്മര്‍ദത്തിലായെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഹിന്റണ്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ സൗത്ത് ഈസ്റ്റ് വാട്ടര്‍ പര്യാപ്തമായ നിക്ഷേപം നടത്താത്തതാണ് പ്രശ്നത്തിന് അടിസ്ഥാന കാരണമെന്നാണ് ഉപഭോക്താക്കൾ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ ഉടമസ്ഥാകാശം മാറ്റണമെന്നാവശ്യപ്പെട്ട് പെറ്റീഷന്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

ആളുകള്‍ വീടുകളിലിരുന്ന് കൂടുതലായി ജോലി ചെയ്യുന്നതിനാല്‍ ജല ഉപയോഗം കൂടിയതാണ് ഹോസ് പൈപ്പ് നിരോധനത്തിന് കാരണമെന്ന് ഉപഭോക്താക്കൾക്ക് അയച്ച കത്തില്‍ ഡേവിഡ് ഹിന്റണ്‍ വിശദീകരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വീടുകളിലിരുന്ന് കൂടുതല്‍ പേര്‍ ജോലി ചെയ്യാനാരംഭിച്ച പ്രവണത നിലവിലും തുടരുന്നുവെന്നും ഇതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ കെന്റിലും സസെക്സിലുമുള്ളവര്‍ കുടിവെള്ളം കൂടുതലായി പൂന്തോട്ടം നനയ്ക്കാന്‍ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്നും അതാണ് ജലക്ഷാമത്തിന് പ്രധാന കാരണമെന്നും കത്തിലൂടെ ഹിന്റണ്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.