1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2023

സ്വന്തം ലേഖകൻ: മോസ്‌കോയിലേക്ക് തന്റെ സൈന്യം നീങ്ങിയത് പുതിന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ടല്ലെന്ന് റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍. ‘റഷ്യയുടെ നേതൃത്വത്തെ അട്ടിമറിക്കാനല്ല ഞങ്ങള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അറിയിക്കാനാണ് മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയത്’ പ്രിഗോഷിന്‍ വെളിപ്പെടുത്തി.

സായുധ കലാപത്തില്‍ നിന്ന് പിന്‍വാങ്ങി 24 മണിക്കൂറിന് ശേഷമാണ് 11 മിനിറ്റോളം വരുന്ന വീഡിയോ സന്ദേശത്തിലൂടെ പ്രിഗോഷിന്‍ വാഗ്നര്‍ സേനയുടെ നാടകീയ നീക്കങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വാഗ്നറുകളുടെ നാശം ഒഴിവാക്കുക, സ്ഥാനത്തിന് നിരക്കാത്ത നിലയില്‍ വന്‍തോതില്‍ പിഴവുകള്‍ വരുത്തിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും പ്രിഗോസിന്‍ പറഞ്ഞു.

വീഡിയോയില്‍ റഷ്യന്‍ സുരക്ഷാ സേനകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് പ്രിഗോഷിന്‍. രാജ്യത്തുടനീളം വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ സേനയ്ക്ക് വളരെ എളുപ്പത്തില്‍ റഷ്യന്‍ പട്ടാളത്തെ മറികടക്കാനും തങ്ങളുടെ പാതയില്‍ തടയാനും കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ വാഗ്നര്‍ സേന കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനായെന്നും പ്രിഗോഷിന്‍ പറഞ്ഞു. തന്റെ സേന മോസ്‌കോ ലക്ഷ്യമാക്കി 780 കിലോമീറ്ററോളം പിന്നിട്ടിരുന്നു. വാഗ്നനറുകളെ പോലുള്ളവരാണ് ആദ്യം ആക്രമണം നടത്തിയിരുന്നതെങ്കില്‍ യുക്രൈന്‍ ഓപ്പറേഷന്‍ വളരെ നേരത്തെ തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും പ്രിഗോഷിന്‍ പറഞ്ഞു.

ജൂലായ് ഒന്നോടെ വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യന്‍ പ്രതിരോധസേനയുമായി ലയിപ്പിക്കുന്നതിനും ശ്രമമുണ്ടായി. എന്നാല്‍ പ്രതിരോധ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നതിന് തങ്ങളുടെ കമാന്‍ഡര്‍മാര്‍ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 ഓളം വാഗ്നറുകള്‍ കൊല്ലപ്പെട്ടുവെന്നും പ്രിഗോഷിന്‍ വെളിപ്പെടുത്തി.

ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നറുകള്‍ക്ക് നിയമപരമായി മുന്നോട്ട് പോകുന്നതിനുള്ള വഴികള്‍ മുന്നിലേക്ക് വെച്ച് മധ്യസ്ഥശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പ്രിഗോഷിന്‍ വെളിപ്പെടുത്തിയിട്ടില്ല. മധ്യസ്ഥ ഉടമ്പടിയുടെ ഭാഗമായി പ്രിഗോഷിന്‍ ബെലാറൂസിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വാഗ്നറുകള്‍ സായുധ കലാപം അവസാനിപ്പിച്ചതിന് ശേഷം പ്രസിന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.