1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളെ സ്വദേശിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമ്പോഴും രാജ്യത്തെ പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ ഈ വര്‍ഷം പ്രകടമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, കൂടുതല്‍ പ്രവാസി തൊഴിലാളികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴില്‍ മേഖലയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ എത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രം 22,993 തൊഴിലാളികളാണ് ഇന്ത്യയില്‍ നിന്ന് പുതുതായി കുവൈത്തിലെത്തിയത്.

ഇതോടെ തൊഴില്‍ വിപണിയിലെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 857,671 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഈജിപ്തുകാരാണ് കുവൈത്തില്‍ കൂടുതലുള്ളത്. 486,656 തൊഴിലാളികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 3,473 ഈജിപ്ത്യന്‍ തൊഴിലാളികള്‍ പുതുതായി രാജ്യത്തെത്തി. പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ ഫിലിപ്പിനോകള്‍ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശികള്‍ നാലാം സ്ഥാനത്തുമാണ്.

അതേസമയം, സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ കുവൈത്ത് പൗരന്‍മാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആകെ 468,328 കുവൈത്ത് ജീവനക്കാരാണ് സര്‍ക്കാര്‍ മേഖളയിലുള്ളത്. പ്രാദേശിക തൊഴില്‍ വിപണിയില്‍ 444,822 കുവൈത്ത് തൊഴിലാളികളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2,175 തൊഴിലാളികളുടെ വര്‍ദ്ധനവ്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സര്‍ക്കാര്‍ മേഖലയിലെ കുവൈത്ത്, കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം ഏകദേശം 3,722 വര്‍ദ്ധിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആകെ 468,328 സ്ത്രീ-പുരുഷ ജീവനക്കാരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.