1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2023
ഫയൽ ചിത്രം

സ്വന്തം ലേഖകൻ: ചൊവാഴ്ച രാത്രി മസ്‌കറ്റ് – സലാല റോഡിലുണ്ടായ വാഹനാകടത്തില്‍ ആറു പേര്‍ മരിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേരും രണ്ടാമത്തെ കാറിലെ രണ്ടുപേരുമാണ് കൂട്ടിയിടിയില്‍ മരിച്ചത്. മുംബൈ കുടുംബം സഞ്ചരിക്കുകയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. മസ്‌കറ്റ് – സലാല റോഡില്‍ താമ്രൈത്തറ്റില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മക്ഷാനിലാണ് അപകടമുണ്ടായത്. പെണ്‍കുട്ടിയും സ്ത്രീയും ഉള്‍പ്പെടെ ആദ്യ വാഹനത്തിലുണ്ടായിരുന്ന നാലംഗ മുംബൈ കുടുംബവും അപകട സ്ഥലത്തു തന്നെ മരിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്നത് യമന്‍ സ്വദേശിയും കുട്ടിയുമാണെന്ന് പോലീസ് അറിയിച്ചു.

മൃതദേഹങ്ങള്‍ താമ്രൈത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുംബൈ വൈശാലി നഗര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്‌ക്കറ്റിലെ അറേബ്യന്‍ റെസ്റ്റോറന്റിലെ ഫുഡ് സര്‍വീസ് സൂപ്പര്‍വൈസറായ ഷാഹിദ് ഇബ്രാഹിം സയ്യദ്, ഭാര്യ തസ്നിം ഷാഹിദ് സയ്യദ്, മകന്‍ സീഷാന്‍ അലി സായിദ്, മകള്‍ മെഹ്റിന്‍ ഷാഹിദ് എന്നിവരാണ് മരിച്ച മുംബൈ സ്വദേശികള്‍.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ് സീസണോട് അനുബന്ധിച്ച് വരുന്ന അവധി ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ റൂട്ടുകളില്‍ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഒമാന്‍ റോയല്‍ പോലിസ് അറിയിച്ചു. ഖരീഫ് സീസണില്‍, ചാറ്റല്‍മഴ കാരണം റോഡുകളും മറ്റ് പാതകളും നനയുകയും ദൃശ്യപരത ഏതാണ്ട് പൂജ്യത്തിലേക്ക് കുറയുകയും ചെയ്യും. ഗവര്‍ണറേറ്റിലേക്കോ പുറത്തേക്കോ വാഹനമോടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.