സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഇമിഗ്രേഷന്‍ ഇളവുകള്‍ സ്ഥാനം പിടിക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് വ്യാപാര മന്ത്രി കെമി ബാഡെനോക്. ചര്‍ച്ചകളില്‍ താല്‍ക്കാലിക ബിസിനസ്സ് വീസകള്‍ സംബന്ധിച്ച് സംസാരിക്കുമെങ്കിലും കൂടുതല്‍ വിശാലമായ ഇമിഗ്രേഷന്‍ വാഗ്ദാനങ്ങളോ, ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടീഷ് തൊഴില്‍ വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുകയോ ചെയ്യില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബ്രിട്ടന്‍ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിലപേശലുകള്‍ നടക്കുന്നതിനിടെ ഗുണമേന്മ കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക് വ്യക്തമാക്കിയിരുന്നു. വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇന്ത്യയുമായി തുറന്ന അതിര്‍ത്തി മൈഗ്രേഷന്‍ പോളിസിയിലേക്ക് നയിക്കാനും, വീസ കാലാവധി കഴിഞ്ഞവര്‍ യുകെയില്‍ തങ്ങാനും ഇടയാക്കുമെന്ന ഹോം സെക്രട്ടറിയുടെ വാദം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഈ ഘട്ടത്തിലാണ് യുകെ-ഇന്ത്യ വ്യാപാര കരാര്‍ ഇമിഗ്രേഷന്‍ സംബന്ധിച്ച് ഉറപ്പുകളൊന്നും നല്‍കില്ലെന്ന് ബാഡെനോക് വ്യക്തമാക്കുന്നത്.
യുകെ തൊഴില്‍ വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കാനും ഈ കരാര്‍ വഴിയൊരുക്കില്ലെന്ന് വ്യാപാര സെക്രട്ടറി എഴുതി നല്‍കിയ മറുപടിയില്‍ സ്ഥിരീകരിച്ചു. യുകെയുടെ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്ന വിഷയങ്ങളൊന്നും കരാറില്‍ ഉള്‍പ്പെടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല