സ്വന്തം ലേഖകൻ: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും പത്ത് റിയാലായാണ് വർധിപ്പിച്ചത്. കൂടാതെ വിവിധ പാർക്കിംഗ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്.
അഞ്ചാം നമ്പർ ടെർമിനലിനോട് ഏറ്റവും അടുത്തുളള ഹ്രസ്വകാല പാർക്കിംഗിനും, അന്താരാഷ്ട്ര പാർക്കിംഗിനും മണിക്കൂറിന് 10 റിയാലും പരമാവധി പ്രതിദിനം 130 റിയാലുമാണ് പരിഷ്കരിച്ച പാർക്കിംഗ് ഫീസ്. എന്നാൽ അന്താരാഷ്ട്ര പാർക്കിംഗിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി.
ദീർഘകാല പാർക്കിംഗിനും മണിക്കൂറിന് 10 റിയാൽ തന്നെയാണെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ. വാരാന്ത്യ ദിവസങ്ങളിലും രാത്രിയിലും പാർക്ക് ചെയ്യുന്നവർക്ക് ഇതാണ് ഏറ്റവും അനുയോജ്യം. ടെർമിനലുകളുടെ മുന്നിൽ വെച്ച് ഉപഭോക്താവിന്റെ കാർ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും 115 റിയാൽ സർവീസ് ചാർജായി നൽകേണ്ടതാണ്.
എന്നാൽ ടെർമിനലുകൾക്ക് മുന്നിൽ ഉപഭോക്താവിന്റെ കാർ സ്വീകരിക്കുന്നതിനും അത് പാർക്കിംഗ് സ്ഥലങ്ങളിൽ എത്തിക്കുന്നതിനും 57.50 റിയാൽ നൽകിയാൽ മതി. പാർക്കിംഗ് സ്ഥലങ്ങളിൽ ഉപഭോക്താവിന്റെ കാർ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനു 57.50 റിയാൽ തന്നെയാണ് നൽകേണ്ടത്. എല്ലാ ഫീസുകളും മൂല്യ വർധിത നികുതി ഉൾപ്പെടെയാണെന്ന് റിയാദ് കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല