
സ്വന്തം ലേഖകൻ: ഒമാനില്‍ ഇനി മുതല്‍ ഫോര്‍വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഫാമിലി വീസയിലുള്ളവര്‍ക്ക് മാത്രം. അനധികൃത ടാക്സി സര്‍വീസുകള്‍, ചരക്ക് കടത്ത് തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാമായാണ് പുതിയ നിയന്ത്രണം. കുടുംബത്തോടൊപ്പം രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമേ ഫോര്‍ വീല്‍ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയല്‍ ഓമന് ട്രാഫിക് വിഭാഗത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഹനങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളുടെ റജിസ്ട്രേഷന് പുതുക്കുന്നതും റോയല്‍ ഒമാന്‍ പൊലീസിന് തടയാന്‍ സാധിക്കും. കഴിഞ്ഞ ദിവസം പുതിയ ഫോര്‍വീല്‍ വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് ട്രാഫിക്ക് വിഭാഗത്തെ സമീപിച്ച പ്രവാസിക്ക് കുടുംബം ഇവിടെ ഇല്ലാത്തതിനാല്‍ രജിസ്ട്രേഷന് അധികൃതര്‍ നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ, കോംപാക്റ്റ്, മിനി, മിഡ്സൈസ് അല്ലെങ്കില്‍ കൂപ്പെ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പിക്കപ്പ് ട്രക്കുകള്‍ പ്രവാസികള്‍ സ്വന്തമാക്കുന്നതിനും ആര്‍ഒപി കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതേസമയം, മാനേജര്‍മാര്‍, ടെക്നീഷ്യന്മാര്, എന്‍ജിനീയര്‍മാര്‍, മറ്റ് സമാന തസ്തികകള്‍ തുടങ്ങിയ പ്രത്യേക പ്രഫഷണലുള്ള പ്രവാസികളെ ഈ വിലക്കില്‍നിന്ന് ഒഴവാക്കിയിട്ടുമുണ്ട്. ഈ വാഹനങ്ങള്‍ പ്രവാസികളുടെ ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്നുവെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ അവരുടെ പേരില്‍ ആഡംബര/ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഫോര്‍വീല്‍ അല്ലെങ്കില്‍ പിക്കപ്പ് ട്രക്ക് എന്നിവ പ്രവാസികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായോ അനധികൃത ടാക്സി ആയോ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍, 35 റിയാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ തുടര്‍നടപടികള്‍ക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല