സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റം ആഹ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളടക്കം വിദേശീയര്‍ക്കു തിരിച്ചടി നല്കാന് ടോറി പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പായ ന്യൂ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് എന്ന എംപിമാരുടെ സംഘം രംഗത്തെത്തി. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇവര്‍ സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചതാണ് ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്കു കടുത്ത ആശങ്കയേകിയിരിക്കുന്നത്.
ഇത് പ്രകാരം ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെ ജോലിക്ക് നിയമിക്കരുതെന്നും ഫോറിന് സ്റ്റുഡന്റ്സിനുള്ള വീസ നിയമങ്ങള്‍ ഇനിയും കര്‍ക്കശമാക്കണമെന്നുമാണ് ഈ ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ കെയറര്‍ വീസകളിലും സ്റ്റുഡന്റ് വീസകളിലും യുകെയിലേക്ക് വരാന്‍ കൊതിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുമുണ്ടാകുകയെന്നാണ് മുന്നറിയിപ്പ്.
ടോറി ഡെപ്യൂട്ടി ചെയര്‍മാനായ ടോം ഹണ്ടിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘമാണ് പ്രധാനമന്ത്രി സുനാകിന് മുമ്പില്‍ കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2019ലെ ടോറി മാനിഫെസ്റ്റോയില്‍ കുടിയേറ്റം കര്‍ക്കശമായി നിയന്ത്രിക്കുമെന്ന് ടോറികള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഈ നിര്‍ദേശങ്ങളിലൂടെ ന്യൂ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് സുനാകിനെ ഓര്‍മിപ്പിക്കുന്നു.
അതിനാല്‍ വിദേശികള്‍ക്കുള്ള കെയറര്‍ വീസകള്‍ പിന്‍വലിക്കണമെന്നും ഫോറിന് സ്റ്റുഡന്റ്സിനുള്ള വീസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും അതിലൂടെ കുടിയേറ്റത്തെ നിയന്ത്രിക്കണമെന്നും ഈ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു അന്ന് ടോറി നേതാവായ ബോറിസ് ജോണ്സന് ആ പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍ നെറ്റ് ഇമിഗ്രേഷന്‍ അന്നത്തേക്കാള്‍ എത്രയോ വര്‍ധിച്ച അവസ്ഥയാണുള്ളതെന്നും അതായത് അന്ന് യുകെയിലെ നെറ്റ് ഇമിഗ്രേഷന്‍ 2,26,000 ആയിരുന്നുവെങ്കില്‍ നിലവില്‍ അത് 6,06,000 ആയാണ് കുതിച്ചുയര്ന്നിരിക്കുവെന്നും ന്യൂ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് എടുത്ത് കാട്ടുന്നു. ഇതിനാല്‍ ഇനിയും നെറ്റ് ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ കടുത്ത നടപടികളെടുക്കാന്‍ വൈകിക്കൂടെന്നും ഇവര്‍ സുനാകിനോട് നിര്‍ദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല