
സ്വന്തം ലേഖകൻ: രേഖാചിത്രങ്ങള്‍കൊണ്ട് മലയാളിയുടെ മനസ്സില്‍ മായാരൂപങ്ങള്‍ തീര്‍ത്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ.എം. വാസുദേവന്‍ നമ്പൂതിരി – 98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.10-ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും അതിനുശേഷം തൃശ്ശൂരിലെ ലളിതകലാ അക്കാദമിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് അഞ്ചിന് നടുവട്ടത്തെ തറവാട്ടുവളപ്പില്‍.
ഏഴുപതിറ്റാണ്ടിലേറെയായി മലയാളി ആസ്വാദകരെ മോഹിപ്പിക്കുന്ന കലാവിസ്മയങ്ങളാണ് നമ്പൂതിരിച്ചിത്രങ്ങള്‍. എം.ടി.യുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എന്‍. കഥകള്‍ക്കു വരച്ച രേഖാചിത്രങ്ങള്‍ എന്നിവ പ്രസിദ്ധമാണ്. വരയുടെ പരമശിവന്‍ എന്ന് നമ്പൂതിരിയെ വി.കെ.എന്‍. വിശേഷിപ്പിച്ചു. അരവിന്ദന്റെ ‘ഉത്തരായനം’, ‘കാഞ്ചനസീത’ എന്നീ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. ‘കാഞ്ചനസീത’യിലെ കഥാപാത്രങ്ങളുടെ വസ്ത്രരൂപകല്പന നമ്പൂതിരിയായിരുന്നു.
നമ്പൂതിരിയുടെ ‘സ്ത്രീവരകള്‍’ സവിശേഷ ശ്രദ്ധനേടി. മാതൃഭൂമി ബുക്‌സ് ‘നമ്പൂതിരിയുടെ സ്ത്രീകള്‍’ എന്ന പേരില്‍ ഇവ സമാഹരിച്ചിട്ടുണ്ട്. ശില്പികൂടിയായ നമ്പൂതിരി കല്ലിലും കളിമണ്ണിലും തടിയിലും പിച്ചളയിലും തീര്‍ത്ത എണ്ണമറ്റ രൂപങ്ങള്‍ ആസ്വാദകരെ വിസ്മയിപ്പിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. ലളിതകലാ അക്കാദമി പുരസ്‌കാരം, സി.എസ്. പണിക്കര്‍ പുരസ്‌കാരം, രാജാ രവിവര്‍മ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
1925 സെപ്റ്റംബര്‍ 13-ന് (ചിങ്ങത്തിലെ ആയില്യം) പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളിലെ പഠനത്തിനുശേഷം പ്രതാപം ക്ഷയിച്ച സ്വന്തം മന വിട്ട് തൃശ്ശൂരെത്തിയ വാസുദേവന്‍ ചക്കന്‍കുളങ്ങര ക്ഷേത്രത്തില്‍ മുട്ടുശാന്തിക്കാരനായി. ചിറ്റിലശ്ശേരി മൂത്തേടത്ത് മനയില്‍ താമസിച്ച് വീമ്പൂര്‍ കുഞ്ചുനമ്പൂതിരിയില്‍നിന്ന് സംസ്‌കൃതവും തൈക്കാട് മൂസതിന്റെ കീഴില്‍ വൈദ്യവും പഠിച്ചു. ഇതൊന്നുമല്ല തന്റെ വഴിയെന്ന് മനസ്സിലായതോടെ ചിത്രകല പഠിക്കാന്‍ ചെന്നൈയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെത്തി.
കെ.സി.എസ്. പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്ന് ചിത്രകല അഭ്യസിച്ചശേഷം 1960-ലാണ് മാതൃഭൂമിയില്‍ ചേരുന്നത്. എം.വി. ദേവന്റെ താത്കാലിക ഒഴിവില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരനായതില്‍പ്പിന്നെ ‘നമ്പൂതിരി’ യെന്ന മേല്‍വിലാസത്തില്‍ അറിയപ്പെട്ടുതുടങ്ങി. എന്‍.വി. കൃഷ്ണവാരിയര്‍, എം.ടി. വാസുദേവന്‍നായര്‍, എ.എസ്., ജി.എന്‍.പിള്ള തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പമുള്ള ജീവിതവും പ്രമുഖരുടെ രചനകള്‍ക്കുവേണ്ടിയുള്ള വരയും അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്തു.
21 വര്‍ഷത്തെ മാതൃഭൂമി ജീവിതമാണ് തന്നിലെ ചിത്രകാരനെ ചിട്ടപ്പെടുത്തിയതെന്ന് നമ്പൂതിരി അനുസ്മരിച്ചിട്ടുണ്ട്. ജീവിതാന്ത്യംവരെ കലാസപര്യ തുടര്‍ന്നു. ഭാര്യ: മൃണാളിനി. മക്കള്‍: പരമേശ്വരന്‍ (അഭിഭാഷകന്‍, കോഴിക്കോട്), വാസുദേവന്‍. മരുമക്കള്‍: ഉമ (റിട്ട. അധ്യാപിക), സരിത (ഫാര്‍മസിസ്റ്റ്).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല