
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാർക്ക് ഷെങ്കന്‍ രാജ്യങ്ങളിൽ വിസരഹിതമായി സഞ്ചരിക്കാനുള്ള ആവശ്യം വീണ്ടും ചർച്ചയാകുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യൂറോപ്യൻ സന്ദർശനത്തിൽ വിവിധ രാഷ്ട്രനേതാക്കളോട് ഈ വിഷയം ഉന്നയിക്കുന്നുണ്ട്.
ഷെങ്കന്‍ വിസക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സുഗമമാക്കുക, പൗരന്മാര്ക്ക് ദീര്‍ഘകാല വിസ അനുവദിക്കുക എന്നിവയാണ് കുവൈത്ത് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. ജൂൺ 26ന് യൂറോപ്പ് പര്യടനം ആരംഭിച്ച വിദേശകാര്യ മന്ത്രി ഇതിനകം ഫ്രാൻസ്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയുണ്ടായി.
സന്ദർശക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ, ഉന്നത നയതന്ത്രജ്ഞ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ചകൾ, സുപ്രധാന വിഷയങ്ങളിലെ ചർച്ച, ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തൽ, വിവിധ വിഷയങ്ങളിൽ ധാരണപത്രങ്ങളിൽ ഒപ്പുവെക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നുവരുന്നു. ഷെങ്കൻ വിസ പ്രധാന വിഷയമായും ശൈഖ് സലിം എല്ലായിടത്തും ഉന്നയിക്കുന്നുണ്ട്.
വിദേശ സന്ദർശനത്തിനു മുന്നേ യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും ശൈഖ് സലിം വിരുന്ന് നല്‍കിയിരുന്നു. ഇതിലും വിസ വിഷയം അദ്ദേഹം ഉണർത്തുകയുണ്ടായി. കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ രാജ്യങ്ങളിൽ വിസ രഹിതമായി സഞ്ചരിക്കാനുള്ള അനുമതി നൽകണമെന്നത് കുവൈത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.
കഴിഞ്ഞ ഡിസംബറിൽ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തരകാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യൂറോപ്യൻ യൂനിയൻ കമ്മിറ്റി ഇതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് യൂറോപ്യൻ പാർലമെന്റ് തള്ളുകയും തീരുമാനം പുനഃപരിശോധിക്കാൻ തിരിച്ചയക്കുകയും ചെയ്തു. കുവൈത്തിൽ ഏഴു പേരുടെ വധശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
വധശിക്ഷക്കെതിരെ യൂറോപ്യൻ യൂനിയനും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതിനെതിരെ കുവൈത്ത് ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ വേണ്ടെന്ന മുന്നറിയിപ്പുമായി കുവൈത്ത് രംഗത്തെത്തുകയുമുണ്ടായി.
ഈ വിഷയം തണുത്തതോടെയാണ് ഷെങ്കൻ വിസ ആവശ്യം കുവൈത്ത് വീണ്ടും ഉയർത്തുന്നത്. വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തോടെ വിഷയത്തിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി കുവൈത്ത് പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല