സ്വന്തം ലേഖകൻ: ലണ്ടൻ, ടൊറെന്റോ, മെൽബൺ എന്നിവിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലേക്ക് നാളെ ഇന്ത്യയ്ക്കെതിരെ മാർച്ച് നടത്തുമെന്ന് സമൂഹമാധ്യമത്തിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പോസ്റ്റർ. ശനിയാഴ്ച ഉച്ചയ്ക്ക് 12:30നാണ് ‘ഖാലിസ്ഥാൻ ഫ്രീഡം റാലി’ എന്ന് പേരുള്ള പ്രകടനങ്ങളുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തെയും ഹൈക്കമ്മിഷണർമാരുടെയും കോൺസൽ ജനറലിന്റെയും ചിത്രങ്ങൾ സഹിതമാണ് പ്രകടന പരസ്യം.
പരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ സ്ഥലത്തും സർക്കാരുകൾ കനത്ത മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. ലണ്ടനിൽ ഹോൾബോണിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തിന് എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലി വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമ്മിഷനു നേരെയുള്ള ഏതുവിധത്തിലുള്ള അക്രമവും അംഗീകരിക്കില്ലെന്നും ഹൈക്കമ്മിഷൻ ആസ്ഥാനത്തിനും ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്ന കാര്യം പരമപ്രധാനമാണെന്നും ജെയിംസ് ക്ലെവേർലി ഹൈക്കമ്മിഷണർ വിക്രം ദ്വൈരെസ്വാമിക്ക് അയച്ച ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കി.
മാർച്ച് മാസത്തിൽ ഹൈക്കമ്മിഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിക്കുകയും ഹൈക്കമ്മിഷൻ ആസ്ഥാനത്തിന്റെ ജനൽപാളികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. അക്രമം തടയാൻ ശ്രമിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാനാണ് കനത്ത സുരക്ഷാ മുൻകരുതലുകളുമായി ബ്രിട്ടിഷ് സർക്കാർ രംഗത്തുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല