1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2023

സ്വന്തം ലേഖകൻ: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ച അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. പൊലീസിന്റെ തുടര്‍ അന്വേഷണത്തിന് മൃതദേഹം ഇനി ആവശ്യമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ മൃതദേഹം ഫ്യൂണറല്‍ സര്‍വീസിന് കൈമാറാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ വൈകിട്ട് സൗത്താളിലെ ഫ്യൂണറല്‍ സര്‍വീസ് ഏജന്‍സി ഏറ്റെടുത്ത മൃതദേഹം ബുധനാഴ്ച രാവിലെ ലണ്ടനില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ ദുബായ് വഴിയാണ് നാട്ടിലെത്തിക്കുക.

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ദുബായില്‍നിന്നും നെടുമ്പാശേരിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാകും മൃതദേഹം എത്തുക. വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം അന്നുതന്നെ എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കാരം നടത്തും.

തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതല്‍ ആറു വരെ അരമണിക്കൂര്‍ സമയം മൃതദേഹം സൗത്താളിലെ ഫ്യൂണറല്‍ സര്‍വീസ് ഓഫിസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായാണ് ഈ സൗകര്യം ഒരുക്കുന്നത്.

കഴിഞ്ഞമാസം 16നായിരുന്നു പനമ്പിള്ളിനഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (37) താമസസ്ഥലത്തുവച്ച് കൂടെ താമസിച്ചിരുന്ന മലയാളി യുവാവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വര്‍ക്കല ഇടച്ചിറ സ്വദേശിയായ സല്‍മാന്‍ സലീമിനെ (25) അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിചാരണ തീരുംവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 2024 ജൂലൈയിലാണ് ഇപ്പോള്‍ ഈ കേസ് വിചാരണയ്ക്കായി വച്ചിരിക്കുന്നത്.

അരവിന്ദിന്റെ ഇളയ സഹോദരന്‍ ബ്രിട്ടണിലെ നോര്‍ത്താംപ്റ്റണില്‍ തന്നെയുണ്ട്. ഇദ്ദേഹമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സഹോദരനെ പോലീസ് ലണ്ടനില്‍ വിളിച്ചുവരുത്തുകയും പിന്നീട് താമസസ്ഥലത്തെത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു.

പനമ്പള്ളി നഗറിലെ (HG42) വസതിയില്‍ റിട്ട. എല്‍ഐസി. ഉദ്യോഗസ്ഥനായ ശശികുമാല്‍ – ശ്രീദേവി ദമ്പതികളുടെ മകനാണ് അരവിന്ദ്. കായംകുളം സ്വദേശികളായ ഇവര്‍ ജോലിയുടെ ഭാഗമായാണ് എറണാകുളത്തെത്തി സ്ഥിരതാമസമാക്കിയത്. പത്തുവര്‍ഷം മുമ്പാണ് അരവിന്ദ് വിദ്യാര്‍ഥി വീസയില്‍ ബ്രിട്ടണിലെത്തിയത്. അതിന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ പിന്നീട് മറ്റൊരു വീസയിലേക്ക് മാറി. കെയറര്‍ വീസയിലേക്ക് മാറാനിരിക്കെവേയാണ് ഈ സംഭവം. അവിവാഹിതനായ അരവിന്ദ് പത്തുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും നാട്ടില്‍ പോയിരുന്നില്ല.

മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ഹൈബി ഈഡന്‍ എംപിയുമായും ബന്ധപ്പെട്ട് ബന്ധുക്കള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.