1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2023

സ്വന്തം ലേഖകൻ: പുതിയ അതിവേഗപാതാ പദ്ധതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. അതിവേഗ റെയില്‍പാതയെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌ കോമിനോട് സംസാരിക്കുകയായിരുന്നു ഇ. ശ്രീധരന്‍.

ഭൂരിഭാഗവും നിലത്തുകൂടി പോകുന്നതിനാല്‍ കെ-റെയില്‍ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. ഇത് മുന്നില്‍ കണ്ടാണ് കെ-റെയിലിനെ എതിര്‍ത്തത്. ഇത്തരം പദ്ധതികള്‍ക്ക് വിദേശ ഫണ്ട് ഉള്‍പ്പടെ കിട്ടുക പ്രയാസമാണ്. റെയില്‍വേ ബോര്‍ഡിന്റെ അനുമതിയും ഉണ്ടാവില്ല. എന്നാല്‍, പുതിയ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണെന്നും ജനങ്ങളെ പ്രകോപ്പിക്കാതെ ഈ പദ്ധതി നടപ്പാക്കാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നര മണിക്കൂര്‍ കൊണ്ട് എത്താവുന്ന ഹൈസ്പീഡ് റെയില്‍ പാതയാണ് ഇ. ശ്രീധരന്‍ വിഭാവനം ചെയ്യുന്നത്. തുടക്കത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പാതയായി ഉപയോഗിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവരുന്ന അതിവേഗ ട്രെയിന്‍ നെറ്റ് വര്‍ക്കിനോട് ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ് പദ്ധതി.

തുടക്കത്തില്‍ കണ്ണൂര്‍ വരെയാണ് സര്‍വീസ് ലക്ഷ്യമിടുന്നതെങ്കിലും പിന്നീട് പാത ലാഭകരമായ ശേഷം ഇത് കാസര്‍കോട് വരെയോ മംഗലാപുരം വരെയോ നീട്ടാം. നേരത്തെ ഹൈ സ്പീഡ് റെയില്‍വേക്കുവേണ്ടി ഒരു ട്രാഫിക്ക് സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ 150 പേരാണ് ഒരു ദിവസം കണ്ണൂരില്‍ നിന്ന് വടക്കോട്ട്‌ ഈ പാത ഉപയോഗിക്കാനുള്ള സാധ്യതയായി കണക്കാക്കുന്നത്. അതിന് വേണ്ടി 88 കിലോമീറ്റര്‍ തുടക്കത്തില്‍ നീട്ടുന്നതില്‍ അര്‍ത്ഥമില്ല. യാത്രക്കാര്‍ കുറവുള്ള ഭാഗമായതിനാലാണ് പാത ആദ്യഘട്ടം കണ്ണൂര്‍ വരെ മതിയെന്ന് പറയുന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

പൂര്‍ണമായും അണ്ടര്‍ലൈന്‍ എലവേറ്റഡ് രീതിയിലാണ് പാത. അതിനാല്‍ കെ-റെയിലിന് വേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ 20 ശതമാനം മാത്രമേ ഈ പാതയക്ക് വേണ്ടിവരൂ. കുന്നിടിച്ചും ജലാശയങ്ങള്‍ നികത്തിയും പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഇതുവഴി തടയാനാവും. ഭൂമി ഏറ്റെടുത്ത ശേഷം പറ്റാവുന്ന സ്ഥലങ്ങളില്‍ ഈ ഭൂമി കൃഷിക്കും മറ്റുമായി ലീസ് അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് നല്‍കാമെന്നും ഇ. ശ്രീധരന്‍ പറയുന്നു. വീട് വെക്കാന്‍ മാത്രമേ പ്രശ്‌നം വരൂ. ആളുകളെ ബുദ്ധിമുട്ടിക്കാത്ത പാതയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

കെ- റെയിലിനെ അപേക്ഷിച്ച് നിര്‍മാണ പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ട്രെയിന്‍ ബോഗികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കഴിയും. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്നതിന് പകരം ആളുകള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ യാത്രക്കാര്‍ കൂടുതല്‍ വരാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ളതാണ് ഇ ശ്രീധരന്‍ വിഭാവനം ചെയ്യുന്ന പുതിയ പാത. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 420 കിലോമീറ്റര്‍ ആണ് പാതയുടെ ദൈര്‍ഘ്യം.

10 മീറ്റര്‍ വീതിയിലായിരിക്കും എലിവേറ്റഡ് പാതയുണ്ടാവുക. ഇരുഭാഗത്തും അഞ്ച് മീറ്റര്‍ വീതം അധികമായി കാണേണ്ടതുണ്ട്. ആകെ 20 മീറ്റര്‍ വീതിയില്‍ ഭൂമി ആവശ്യമായി വരും. അഞ്ച് മിനിറ്റ് ഇടവേളയില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കും തിരിച്ചും ട്രെയിന്‍ ഓടിക്കാം. കുറഞ്ഞ നിരക്കില്‍ത്തന്നെ ആളുകള്‍ക്ക് യാത്രചെയ്യാമെന്നും ഇ. ശ്രീധരന്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കലും പാതയുടെ നിര്‍മാണവും ട്രെയിന്‍ ബോഗികളും നിര്‍മാണവും ഉള്‍പ്പടെ ഒരു ലക്ഷം കോടി രൂപയോളമാണ് ഈ പദ്ധതി പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടിവരികയെന്നാണ് കരുതുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതി പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ളതാണ് ഈ ശ്രീധരന്റെ പുതിയ പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.