1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2023

സ്വന്തം ലേഖകൻ: വിലക്കയറ്റം നേരിടാന്‍ പലിശ നിരക്ക് കൂട്ടുകയും അതിന്റെ ഫലമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുകയും ചെയ്യുന്ന പതിവ് ഇനിയും തുടരും. കഴിഞ്ഞ വര്‍ഷം ലിസ് ട്രസ് ഭരണത്തിന് കീഴില്‍ അവതരിപ്പിച്ച മിനി-ബജറ്റ് സൃഷ്ടിച്ച കൊടുങ്കാറ്റിന് അടുത്തേക്കാണ് നിരക്കുകളുടെ പോക്ക്. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ ഇപ്പോള്‍ 6.63 ശതമാനത്തിലാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20ന് 6.65 ശതമാനത്തിലും നിരക്കുകള്‍ എത്തിയിരുന്നു.

2022 ഓട്ടം സീസണിന് മുന്‍പ് നിരക്കുകള്‍ 6 ശതമാനത്തില്‍ എത്തിയത് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2008 നവംബറിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് വഴിയൊരുക്കിയത്. കഴിഞ്ഞ ആഴ്ചകളില്‍ ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നെട്ടോട്ടം ഓടുകയായിരുന്നു. വിപണികളില്‍ ലഭ്യമായിരുന്ന ഡീലുകള്‍ പിന്‍വലിച്ച് നിരക്ക് മാറ്റം വരുത്തി പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ജൂണ്‍ തുടക്കം മുതല്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ ശരാശരി 1.14 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് നേരിട്ടത്. 2021 ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകളും കുത്തനെ ഉയര്‍ത്തുകയാണ്. 0.1 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്കാണ് നിരക്കുകള്‍ ഉയര്‍ന്നത്.

വര്‍ഷാന്ത്യത്തോടെ നിരക്കുകള്‍ 6 ശതമാനത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ വിയര്‍ക്കുമ്പോള്‍ പലിശ വര്‍ദ്ധിപ്പിച്ചാണ് ബാങ്ക് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതോടെ വരും മാസങ്ങളില്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകളാണ് സാധ്യമാകുക. ഭവനഉടമകള്‍ക്ക് ഇത് കനത്ത തിരിച്ചടി സമ്മാനിക്കിം.

വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് രണ്ട് വര്‍ഷ ഫിക്‌സഡ് ഡീലുകള്‍ 7 ശതമാനം പരിധി പിന്നീടുമെന്ന് എംപവേഴ്‌സ് മോര്‍ട്ട്‌ഗേജ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവര്‍ട്ട് ചീതാം പ്രവചിക്കുന്നു. അടുത്ത ആറ് മുതല്‍ എട്ട് ആഴ്ച വരെ കാലയളവില്‍ 20 മുതല്‍ 30 ശതമാനം പോയിന്റ് വരെ വര്‍ദ്ധനവാണ് ആളുകള്‍ക്ക് നേരിടേണ്ടി വരിക. ഇതോടെ ഹോം ലോണ്‍ എടുത്ത ജനങ്ങള്‍ കനത്ത ദുരിതത്തിലേക്കാവും വീഴുക.

പലിശ നിരക്കുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്ന അവസ്ഥയാണ്. പണപ്പെരുപ്പവും, വിലക്കയറ്റവും പ്രതീക്ഷിച്ച വേഗത്തില്‍ കുറയുന്നില്ലെന്നത് ആശങ്കയായി മാറുകയാണ്. എന്നാല്‍ ഇതനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ലോണുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളരുകയും ചെയ്യുന്നു.പണപ്പെരുപ്പവും, പലിശനിരക്കും ഉടനെ താഴാന്‍ പോകുന്നില്ലെന്ന് തന്നെയാണ് ഓര്‍മ്മപ്പെടുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.