സ്വന്തം ലേഖകൻ: ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.കമ്പനിയായ ഏറോനിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയും മുന്‍ജീവനക്കാരന്‍ വെട്ടിക്കൊന്നു. കമ്പനിയുടെ എം.ഡി. ബെംഗളൂരു സ്വദേശി ഫണീന്ദ്രം സുബ്രഹ്‌മണ്യ (35), സി.ഇ.ഒ. കോട്ടയം പനച്ചിക്കാട് രുഗ്മിണി വിലാസത്തില്‍(ഇത്തിത്താനം) വിനുകുമാര്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്സ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അമൃതഹള്ളിയിലെ പമ്പ എക്സ്റ്റൻഷനിലുള്ള കമ്പനിയുടെ ഓഫീസിലേക്ക് കത്തിയും വാളുമായെത്തിയ പ്രതികൾ സുബ്രഹ്മണ്യയെ അക്രമിക്കുകയായിരുന്നു.
എം.ഡി.യെ രക്ഷിക്കാനായി മറുഭാഗത്തെ ചേമ്പറിൽ നിന്നുമെത്തിയ വിനുകുമാറിനെയും അക്രമികൾ വെട്ടിപരിക്കേൽപ്പിച്ചു. കൊലപാതകശേഷം പിൻവാതിൽ വഴി ഇവർ രക്ഷപ്പെടുകയായിരുന്നു. മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ചായിരുന്നു അക്രമം. രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു ഇരുവരുടെയും ശരീരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് രണ്ടുപേരും മരിച്ചത്. കമ്പനിവിട്ടശേഷം സ്വന്തം ബിസിനസ് തുടങ്ങിയ ആളാണ് ഫെലിക്സ്. സുബ്രഹ്മണ്യയോടുള്ള വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
കന്നട റാപ്പറും ടിക് ടോക് താരവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ജോക്കർ ഫെലിക്സ് എന്നറിയപ്പെടുന്ന പ്രതി. ജെ.എഫ് മീഡിയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇയാൾക്കുണ്ട്. സാമൂഹികമാധ്യമങ്ങളിൽ സജീവമായിട്ടുള്ള ഫെലിക്സ്, കൊലപാതകത്തിന് ഒൻപത് മണിക്കൂർ മുൻപ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
‘ഈ ലോകത്തിലെ മനുഷ്യർ മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ഞാൻ ഈ ഭൂമുഖത്തെ ജനങ്ങളെ വേദനിപ്പിക്കുന്നു. മോശം മനുഷ്യരെ മാത്രമാണ് ഞാൻ വേദനിപ്പിക്കുന്നത്, നല്ല ഒരു ആളെയും ഉപദ്രവിച്ചിട്ടില്ല’, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഫെലിക്സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല