സ്വന്തം ലേഖകൻ: ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന് മിലാന് കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക്ക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പാരീസിൽ വെച്ചായിരുന്നു അന്ത്യം. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പലപ്പോഴും ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങിയത് എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്.
ചെക്ക് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കുന്ദേര അനഭിമതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പലതവണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റത്തില്‍ കുന്ദേര പങ്കാളിയായതായിരുന്നു ചെക്ക് സര്‍ക്കാറിനെ അവസാനമായി ചൊടിപ്പിച്ചതും പൗരത്വം നിഷേധിച്ചതും.
1979-ല്‍ ചെക്കോസ്ലാവാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്കി. നാല്പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന് കുന്ദേരയെ നേരില്‍പോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്.
ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്. ദ അണ്ബെയറബിള് ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും ചെക്കില്‍ നിരോധിക്കപ്പെടുകയും ചെയ്തു.
1988 ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്-ഇമ്മോര്‍ട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്. മാധ്യമങ്ങളോട് പൊതുവേ അകലം പാലിച്ചിരുന്ന പ്രകൃതക്കാരനാണ് കുന്ദേര. 1984-ല്‍ ന്യൂയോര്‍ക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ വീടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം ലോകമൊട്ടാകെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
വീട് എന്നത് തനിക്കൊരു അവ്യക്ത ആശയമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വീട്, ദേശം എന്നീ സങ്കല്പങ്ങള് മിഥ്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മറവിയ്ക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പ് എന്ന് കുന്ദേരയുടെ ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ് എന്ന നോവലിലെ വാക്യം വ്യാപകമായി ഉദ്ധരിക്കപ്പെട്ട ഒന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല