1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2023

സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങി. കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട്‌ ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനാണ് തുടക്കമായത്.

2019-ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തില്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍പ്പോലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ 3 കുതിച്ചുയരുക. ഇസ്രോയുടെ ഏറ്റവും വിശ്വസനീയമായ എല്‍വിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്ര സംഘം വ്യാഴാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ചന്ദ്രയാന്‍ 3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുമായാണ് ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ പ്രാര്‍ഥനയ്ക്കെത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.