
സ്വന്തം ലേഖകൻ: ഹിജ്റ വര്‍ഷാരംഭ പ്രകാരം പുതുവല്‍സരദിനമായ 2023 ജൂലൈ 21 വെള്ളിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇതേ ദിവസം അവധിയായിരിക്കുമെന്ന് രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2023ലെ യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ ഭരണകൂടെ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതുവല്‍സര ദിന അവധിദിനം പ്രഖ്യാപിച്ചിരുന്നില്ല.
2024ലെ പൊതു അവധിദിനങ്ങള്‍ ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. റമദാന്, ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ എന്നിവയുടെ തീയതികള്‍ ജ്യോതിശാസ്ത്രപ്രകാരമുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് തിയതികള്‍ നിശ്ചയിച്ചത്. അറബി മാസപ്പിറവി അനുസരിച്ച് ഇതില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും.
അടുത്ത വര്‍ഷത്തെ റമദാന് മാര്‍ച്ച് 11 തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. റമദാന് 30 പൂര്‍ത്തിയാവുമെന്നും ജ്യോതിശാസ്ത്ര പ്രകാരം പ്രതീക്ഷിക്കുന്നു. യുഎഇയിലെ ജീവനക്കാര്‍ക്ക് സാധാരണ റമദാന് 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി ലഭിക്കാറുള്ളത്. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അസ്ഹ എന്നിവയുടെ തീയതികളും പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്തര്‍ ഏപ്രില്‍ 10 ബുധനാഴ്ച ആണ് പ്രതീക്ഷിക്കുന്നത്.
വലിയ പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ച ആയിരിക്കും. ജ്യോതിശാസ്ത്രപ്രകാരമുള്ള കണക്കുകൂട്ടലുകളും ചന്ദ്രക്കാഴ്ചകളും പരസ്പരവിരുദ്ധമല്ലെന്നും ഇസ്ലാമിക കലണ്ടര്‍ നിര്‍ണയിക്കുമ്പോള്‍ അവ ഒരുമിച്ച് ഉപയോഗിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കി.
യുഎഇയില്‍ എല്ലാ വര്‍ഷവും പൊതു അവധി ദിനങ്ങള്‍ നേരത്തേ പ്രഖ്യാപിക്കാറുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലേക്കുള്ള യാത്ര ഉള്‍പ്പെടെ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് ഇത് സഹായകരമാണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അവധിദിനങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ഉണ്ടാവാം. ജീവനക്കാര്‍ക്ക് കൃത്യമായ അവധി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് രാജ്യത്ത് അവധിദിന പട്ടിക മുന്‍കൂട്ടി പുറത്തിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല