സ്വന്തം ലേഖകൻ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്‍ഡറും പ്രജ്ഞാന് റോവറുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.
പേടകം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭ്രമണപഥം ഘട്ടം ഘട്ടമായി ഉയര്‍ത്തുകയും പിന്നീട് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ സഹായത്തോടെയാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുക. പിന്നീട് ചന്ദ്രന്റെ ഭ്രമണ പഥത്തെ ചുറ്റുന്ന പേടകം ഘട്ടം ഘട്ടമായി ചന്ദ്രനോട് അടുപ്പിക്കും ശേഷമായിരിക്കും ലാന്റിങിനുള്ള ശ്രമങ്ങള്‍. ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം.
ലാന്‍ഡിങ് വിജയകരമായാല്‍ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 23 ഓടുകൂടി ചന്ദ്രനില്‍ പേടകമിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ സെപ്റ്റംബറിലേക്ക് നീളും. 14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന കാലയളവ്. ഇക്കാലയളവിൽ ലാന്ററിലെയും റോവറിലേയും വിവിധ ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും വിവരശേഖരണങ്ങളും ഐഎസ്ആര്‍ഒ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല