സ്വന്തം ലേഖകൻ: ഫ്രാന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷ ലോങ് ടേം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ നരേന്ദ്രമോദിക്ക് പാരീസില്‍ ഇന്ത്യന്‍ സമൂഹം നല്കിയ സ്വീകരണപരിപാടിക്കിടെയാണ് പ്രഖ്യാപനം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. മുന്‍പ് രണ്ട് വര്‍ഷ വര്‍ക്ക് വീസയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്നത്.
‘കഴിഞ്ഞ തവണ ഫ്രാന്‍സില്‍ വന്നപ്പോള്‍ ഇവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വീസ നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്,” മോദി പ്രസംഗത്തില്‍ പറഞ്ഞു.
രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വെള്ളിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധമേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതടക്കം ചര്‍ച്ചയാകും. ചര്‍ച്ചയ്ക്കുശേഷം പ്രതിരോധരംഗത്തേതുള്പ്പെടെ സുപ്രധാന കരാറുകളുടെ പ്രഖ്യാപനമുണ്ടാകും.
ഫ്രാന്‍സിന്റെ ദേശീയദിനാഘോഷത്തിലും (ബാസ്റ്റീല്‍ ദിനം) മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളില്‍നിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല