സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ശനിയാഴ്ച രാവിലെ പ്രാദേശികസമയം 9.15-ന് അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബികിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നേരിട്ടെത്തി സ്വീകരിച്ചു.
യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. രൂപയില്‍ വ്യാപാരം ആരംഭിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെക്കും. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് തുറക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പിടും.
യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ് 28 ന്റെ നിയുക്ത അധ്യക്ഷന്‍ ഡോ.സുല്‍ത്താന്‍ അല്‍ ജാബറുമായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. നയതന്ത്ര ദൗത്യ സംഘങ്ങളുമായി ചര്‍ച്ചയും വിവിധ ധാരണാപത്രങ്ങളുടെ ഒപ്പിടല്‍ എന്നിവയും നടക്കും. വൈകീട്ടോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനമാണിത്. അധികാരമേറ്റതിനുശേഷമുള്ള മോദിയുടെ അഞ്ചാം യുഎഇ. സന്ദര്‍ശനംകൂടിയാണിത്. യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്ന സാഹചര്യത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് കാരണമാകും.
യുഎഇ. അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
2019-ല്‍ യുഎഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് നല്കി രാജ്യം മോദിയെ ആദരിച്ചിരുന്നു. 2017-ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ശൈഖ് മുഹമ്മദ് പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല