സ്വന്തം ലേഖകൻ: സിഡ്നിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ തല്ലി സഹയാത്രികന്. ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്. സീറ്റ് സൗകര്യപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ബിസിനസ് ക്ലാസില്‍നിന്ന് എക്കോണമി ക്ലാസിലേക്ക് മാറിയ ഉദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്. ഉച്ചത്തില്‍ സംസാരിച്ച യാത്രക്കാരനോട് മയത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പ്രകോപിതനായ യാത്രക്കാരന് എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലുകയും കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. വിമാന ജീവനക്കാര്‍ ഓടിയെത്തി അക്രമം കാട്ടിയ യാത്രക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ എയര്‍ഇന്ത്യ ജീവനക്കാര്‍ വിമാനത്തിന്റെ പിന്‍വശത്തേക്ക് മാറി. സംഭവം എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
സിഡ്നിയില്‍നിന്ന് ഡല്‍ഹിയിലേക്കുവന്ന എ.ഐ 301 വിമാനത്തില്‍ ജൂലായ് ഒമ്പതിനാണ് സംഭവം നടന്നതെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം നടത്തിയ യാത്രക്കാരന് ചെവിക്കൊണ്ടില്ല. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ അയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സംഭവം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ (ഡിജിസിഎ) അറിയിച്ചിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല