സ്വന്തം ലേഖകൻ: ആഗോളതാപനത്തിന്റെ ഭീകരതയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമായി വിവിധ ഭൂഖണ്ഡങ്ങളിലെ താപനില. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു ഞായറാഴ്ചത്തെ ചൂട്. വിവിധ രാജ്യങ്ങള്‍ ഉഷ്ണതരംഗ മുന്നറിയിപ്പുനല്‍കി.
കാലിഫോര്‍ണിയ മുതല്‍ ടെക്‌സസ് വരെ ആഴ്ചകളായി തുടരുന്ന അതിശക്തമായ ഉഷ്ണതരംഗം റെക്കോഡ് ഉയരത്തിലെത്തി. പകല്‍ച്ചൂട് 45 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പുനല്‍കി. അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സില്‍ തുടര്‍ച്ചയായ 16-ാം ദിവസവും 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്.
കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ ചൂട് 54 ഡിഗ്രി സെല്‍ഷ്യസെന്ന റെക്കോഡിലെത്തി. ലോകത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നാണിത്. തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുകയാണ്. റിവര്‍സൈഡ് കൗണ്ടിയില്‍മാത്രം 3,000 ഹെക്ടര്‍ കാട് കത്തിനശിച്ചു. കാനഡയിലെ കാട്ടുതീയില്‍ ഈവര്‍ഷം ഇതുവരെ ഒരു കോടി ഹെക്ടര്‍ കാട് കത്തി.
റോം, ബൊളോഞ്ഞ, ഫ്‌ളോറന്‍സ് തുടങ്ങി ഇറ്റലിയിലെ 16 നഗരങ്ങളില്‍ ആരോഗ്യമന്ത്രാലയം ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു. എക്കാലത്തെയും വലിയ ഉഷ്ണതരംഗങ്ങളിലൊന്നാകും വരുംദിവസങ്ങളില്‍ ഇറ്റലിയില്‍ ഉണ്ടാവുകയെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോമില്‍ ചൂട് ചൊവ്വാഴ്ച 43 ഡിഗ്രിയിലെത്തുമെന്നാണ് പ്രവചനം. 2007 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 40.5 ഡിഗ്രിയാണ് ഇതുവരെയുള്ള റെക്കോഡ്.
സിസിലിയിലും സാര്‍ഡീനിയയിലും 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. കൊടുംചൂടുകാരണം ഗ്രീസിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രമായ അക്രോപോളിസ് മൂന്നുദിവസമായി പകല്‍ അടച്ചിടുകയാണ്. വരള്‍ച്ച ഫ്രാന്‍സിലെ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കി.
തിങ്കളാഴ്ച മുതല്‍ സ്‌പെയിനില്‍ ഉഷ്ണതരംഗമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഇവിടത്തെ കാനറി ദ്വീപുകളിലൊന്നായ ലാ പാല്‍മയില്‍ കാട്ടുതീ നിയന്ത്രണാതീതമായതോടെ 2500 പേരെ ഒഴിപ്പിച്ചു. 11000 ഏക്കര്‍ വനഭൂമി കത്തിനശിച്ചു.
കിഴക്കന്‍ ജപ്പാനില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ചൂട് 38-39 ഡിഗ്രി സെല്‍ഷ്യസിലെത്തും. രാജ്യത്തെ 47 പ്രീഫെക്‌ചെറുകളില്‍ 20-ലും അധികൃതര്‍ സൂര്യാഘാതമുന്നറിയിപ്പ് നല്‍കി. എന്നാല്‍, വടക്കന്‍ ജപ്പാനില്‍ കഴിഞ്ഞദിവസങ്ങളില്‍ പേമാരിയായിരുന്നു. എട്ടുപേര്‍ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല