സ്വന്തം ലേഖകൻ: അസഹനീയമായ ചൂടില്‍ ഉഷ്ണിച്ച് ഉരുകുകയാണ് യൂറോപ്പ്. പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനുമുകളിലാണ് അന്തരീക്ഷതാപനില. പലരാജ്യങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. ഇത്തവണ പലരാജ്യങ്ങളിലും മഞ്ഞുകാലത്ത് സാധാരണപോലെ തണുപ്പുണ്ടായിരുന്നില്ല. തണുപ്പിലാഴേണ്ട ജനുവരിയില്‍ ഉഷ്ണതരംഗത്തിലായി. ഇപ്പോള്‍ വേനലും യൂറോപ്പിനെ വറചട്ടിയിലാക്കിയിരിക്കുന്നു. വിനോദസഞ്ചാര മേഖലയെയും ഉഷ്ണ തരംഗം വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.
ഈ ചൂട് ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച യൂറോപ്പിനെ പൊള്ളിച്ചത് ‘സെര്‍ബെറസ്’ ഉഷ്ണതരംഗമായിരുന്നെങ്കില്‍ ഈയാഴ്ചത്തേത് അതിനെക്കാള്‍ ചൂടേറിയ ‘കെയ്റോണ്‍’ തരംഗമാണ്. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രങ്ങളാണ് സെര്‍ബെറസും കെയ്റോണും. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉഷ്ണതരംഗത്തില്‍ മരിച്ചത് 61,672 പേരാണ്. സ്പെയിനിന്റെ സ്വയംഭരണപ്രദേശമായ കാനറി ദ്വീപസമൂഹത്തിലെ ലാ പാല്‍മെയില്‍ കാട്ടുതീ പടരുകയാണ്. നാലായിരത്തിലേറെ ആളുകളെയാണ് ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, പോളണ്ട് തുടങ്ങിയവടങ്ങളിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷം.
ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇറ്റാലിയന്‍ നഗരങ്ങളായ ഫ്‌ളോറന്‍സിലും പാലര്‍മോയിലും ഉഷ്ണതരംഗത്താല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീസിലെ ഏതന്‍സിലെ പ്രശസ്തമായ അക്രോപോളിസ് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങള്‍ അടച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍ ശീതികരണ സംവിധാനങ്ങളുള്ള ടൂറിസം കേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഉഷ്ണതരംഗത്തില്‍ വിനോദസഞ്ചാരികള്‍ക്ക് അപകടങ്ങള്‍ സംഭവിച്ച വാര്‍ത്തകളും ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. ഇറ്റലിയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില വിമാനത്താവളങ്ങള്‍ അടച്ചതായും വാര്‍ത്തകളുണ്ട്.
യൂറോപ്പിലെത്തേണ്ട സഞ്ചാരികളില്‍ വലിയരീതിയിലുള്ള കുറവ് വരുമെന്നാണ് യൂറോപ്യന്‍ ട്രാവല്‍ കമ്മീഷന്റെയും പ്രവചനം. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ള മാസത്തിലാണ് യൂറോപ്പ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. പല പ്രമുഖ ടൂര്‍ ഏജന്‍സികളും നേരത്തെ പ്രഖ്യാപിച്ച ടൂര്‍ പാക്കേജുകള്‍ പിന്‍വലിച്ചു കഴിഞ്ഞു. നേരത്തെ ഹോട്ടലുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്ത സഞ്ചാരികളാണ് നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ബുക്ക് ചെയ്തവ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ പണം മുഴുവനായി തിരിച്ചുകിട്ടാത്ത സാഹചപര്യങ്ങളുമുണ്ട്.
ഈ സാഹചര്യത്തില്‍ യൂറോപ്പില്‍ സഞ്ചാരത്തിനെത്തുന്നവര്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് വിദഗ്ധരുടെ നിര്‍ദേശം. ഡീഹൈഡ്രേഷനും ഹീറ്റ് സ്‌ട്രോക്കിനും കാരണമാകുന്ന മദ്യപാനം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ഒഴിവാക്കണം. അതോടൊപ്പം യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടെ ഈ ഉഷ്ണതരംഗം നീളുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല