സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ, ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിലാണ് ഇന്ത്യ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയത്. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 80–ാം സ്ഥാനത്താണ്.
ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വീസയില്ലാതെ 57 രാജ്യങ്ങളിൽ പ്രവേശിക്കാം. ഇന്ത്യക്കാർക്ക് തായ്‌ലൻഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വീസയില്ലാതെയോ വീസ ഓൺ അറൈവൽ സൗകര്യത്തിലോ പറക്കാം. അതേസമയം ചൈന, ജപ്പാൻ, റഷ്യ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 177 ഇടങ്ങളിലേക്ക് കടക്കാൻ വീസ വേണം.
കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ ഇത്തവണ മൂന്നാമതാണ്. സിംഗപ്പൂർ ആണ് ഒന്നാമത്. സിംഗപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം സാധ്യമാകും. ജർമനി, സ്‌പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇവിടങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങൾ സന്ദർശിക്കാം.
ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്‌സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് മൂന്നാം സ്ഥാനത്ത്-189 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനം. യുകെ നാലാമതും യുഎസ് എട്ടാമതുമാണ്. പട്ടികയിൽ ഏറ്റവും ഒടുവിലുള്ളത് അഫ്ഗാനിസ്ഥാനാണ്. 27 രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാനികൾക്ക് വീസയില്ലാതെ പ്രവേശിക്കാനാവൂ.
പാസ്‌പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതും സാമ്പത്തികം ഉൾപ്പെടെയുള്ള ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല