പഠിച്ച കള്ളന്മാരെ പിടികൂടാന്‍ അത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നമ്മുടെ കേരളത്തില്‍തന്നെ കള്ളന്മാരെ പിടികൂടാന്‍ എന്തൊക്കെ പണികളാണ് പാവം പോലീസുകാര്‍ പയറ്റുന്നത്. കെണിവെച്ച് ആനയെ പിടിക്കാം എന്നാല്‍ കള്ളന്മാരെയും കള്ളന് കഞ്ഞിവെച്ചവന്മാരെയും പിടികൂടാന്‍ അത്ര എളുപ്പമല്ലെന്ന് തന്നെയാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ സംഗതി ലണ്ടനില്‍ ആണെങ്കില്‍ കളിമാറും. അവര്‍ കള്ളനെ പിടിക്കാന്‍ എന്തും ചെയ്യും. എന്തും ചെയ്യുമെന്ന് പറഞ്ഞാല്‍ ലാദനെ പിടിക്കാന്‍ അമേരിക്ക ചെയ്തതുപോലെ ഒരു ഹെലികോപ്ടര്‍ ഉണ്ടാക്കണമെങ്കില്‍ അതും ചെയ്യും. എന്നാല്‍ ഇംഗ്ലണ്ടിലെ പോലീസ് കള്ളന്മാരെയും കൊള്ളക്കാരെയും പിടിക്കാന്‍ ചെയ്ത ഒരു വളഞ്ഞ വഴിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സംഗതി വളഞ്ഞ വഴിയാണെങ്കിലും നമ്മുടെ കേരളത്തിലെ പോലീസുകാര്‍ക്ക് പരീക്ഷിക്കാവുന്ന പരിപാടിയാണ് ഇതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ.
എന്തായാലും കാര്യം പറയാം. പോലീസില്‍ പിടികൊടുക്കാതെ മുങ്ങി നടന്നിരുന്ന കുറച്ച് കുറ്റവാളികളെ പിടികൂടാന്‍ ഇംഗ്ലണ്ടിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഒരുപണി ചെയ്തു. നിങ്ങള്‍ ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് എത്തിയാല്‍ ഒരു പുതിയ കമ്പനിയുടെ പദ്ധതി പ്രകാരം സൗജന്യമായി ബിയര്‍ ലഭിക്കുമെന്ന് കുറ്റവാളികളെ അറിയിച്ചു. കുറ്റവാളികളുടെ അഡ്രസില്‍ കത്തെഴുതുകയാണ് പോലീസ് ചെയ്തത്. കാര്യം അഡ്രസിലുള്ള വീട്ടില്‍ ചെന്നാല്‍ ഇവന്മാരെ കണികാണാന്‍ കിട്ടില്ലെങ്കിലും സൗജന്യ ബിയര്‍ ഓഫര്‍ ചെയ്തുകൊണ്ടുള്ള കത്ത് ഇവര്‍ക്ക് കൃത്യമായി കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ? ഇവന്മാരുടെ കഷ്ടകാലം എന്നല്ലാതെ വേറെന്ത് പറയാന്‍.
എന്തായാലും പോലീസ് പറഞ്ഞ സ്ഥലങ്ങളില്‍ കൃത്യമായി ഇവരെത്തി. സൗജന്യ ബിയര്‍ പ്രതീക്ഷിച്ചെത്തിയ പത്തൊന്‍പത് കുറ്റവാളികളെയാണ് പോലീസ് പിടികൂടിയത്. നോട്ടിംങ്ങ്ഹാം, ചെസ്റ്റര്ഫീള്ഡ്, സ്റ്റാവെലി, അല്ഫ്രെട്ടന്, ഇലെക്സ്റ്റന്, ഷെഫീള്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സൗജന്യമായി ബിയര്‍ കുടിക്കാനെത്താനാണ് പോലീസ് അറിയിച്ചത്. പാവങ്ങള്‍ അതുപോലെതന്നെ എത്തുകയും ചെയ്തു. ലൈംഗീകപീഡനം, കൊള്ള, കൊലപാതകം തുടങ്ങിയ മഹാകൃത്യങ്ങള്‍ ചെയ്ത കുറ്റവാളികളെയാണ് പോലീസ് ഇപ്രകാരം അറസ്റ്റുചെയ്തത്. എന്തായാലും ലണ്ടനിലെ പോലീസ് ചെയ്ത ട്രിക്ക് കേരളത്തിലെ പോലീസുകാര്‍ക്കും ഉപയോഗിക്കാവുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ലതന്നെ.
കൊച്ചിയിലെയും തിരുവനന്തപുരത്തേയും കോട്ടയത്തേയുമൊക്കെ പാര്‍ക്കുകളിലും ബാറുകളിലും സൗജന്യ ബിയറോ റമ്മോ കിട്ടുമെന്ന് പറഞ്ഞ് അറിയപ്പെടുന്ന കുറ്റവാളികള്‍ക്ക് കത്ത് അയച്ചിട്ട് പോലീസ് ആ സമയത്ത് അവിടങ്ങളില്‍ ചെന്നുനോക്കു. മിക്കവാറും കുറ്റവാളികളെയും, എന്തിന് കത്ത് അയക്കാന്‍ വിട്ടുപോയവരെ പോലും പിടികൂടാന്‍ സാധിച്ചെന്ന് വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല