സ്വന്തം ലേഖകൻ: ജനഹൃദയങ്ങളിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളം വിട ചെല്ലി. ജനങ്ങൾക്കായി ജീവിച്ച പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് സെന്റ് ജോർജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ ഒരുക്കിയ പ്രത്യേക കല്ലറയിൽ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കും അവിടെനിന്നു പള്ളിയിലേക്കും ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടന്നത്.
പുതുപ്പള്ളിയിലും തറവാട് വീട്ടിലും നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് പള്ളിലേക്കുള്ള യാത്ര തുടങ്ങിയത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ വിലാപയാത്രയുടെ ഭാഗമായി. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾ രാത്രി 12 മണിയോടെ പൂർത്തിയായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ കെ ആന്റണി എന്നിവര്‍ പള്ളിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മന്ത്രിമാരായ പി പ്രസാദ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, കെ എൻ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാരിന്റെ ആദരം അര്‍പ്പിച്ചു.
വൈകുന്നേരം ആറ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോട്ടയം തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലേക്കും ജനലക്ഷങ്ങള്‍ എത്തിയതോടെ വിലപയാത്ര വൈകുകയായിരുന്നു. തിരക്ക് നിയന്ത്രണാധീതമായതോടെ പലയിടത്തും മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര തടസപ്പെട്ടിരുന്നു.
19ന് രാവിലെ 7.15 ഓടെ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര 28 മണിക്കൂര്‍ പിന്നിട്ടാണ് കോട്ടയത്തിന്റെ മണ്ണിലെത്തിയത്. വിലാപയാത്രയില്‍ വഴിനീളെ കൈകൂപ്പി നിന്ന് ജനം പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കുന്ന കാഴ്ചയാണ് നേരം പുലരുവോളം കണ്ടത്.
20ന് പതിനൊന്ന് മണിയോടെയാണ് വിലാപയാത്ര പൊതുദള്‍ശന വേദിയായ തിരുനക്കരയിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി, സിനിമാ താരങ്ങളായ മമ്മൂട്ടി, ദിലീപ്, രമേശ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരുള്‍പ്പെടെ മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ജനലക്ഷങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. തിരുവനന്തപുരത്ത്നിന്നു 19ന് രാവിലെ ആരംഭിച്ച വിലാപയാത്രയിൽ കിളിമാനൂരും കേശവദാസപുരത്തും കൊല്ലം കൊട്ടാരക്കരയിലുമൊക്കെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് പാതയോരങ്ങളില്‍ കാത്തുനിന്നത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തെത്തിയത്. പ്രതികൂലകാലവസ്ഥയേയും സമയവുമൊന്നും പരിഗണിക്കാതെയായിരുന്നു ജനങ്ങള്‍ മൃതദേഹം കാണാനായി എത്തിയത്.
18ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക വിമാനത്തില്‍ ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചത്. ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നിയന്ത്രണാതീതമായി ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല