സ്വന്തം ലേഖകൻ: വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടേണ്ടി വരുന്ന അൽ ഖസീം പ്രവാസികൾക്കായി വഴിതെളിയുന്നു. തൊഴിലുടമ ഹുറൂബ് ആക്കിയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റിൽ പോകുന്നതിന് ഇപ്പോൾ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. അൽ ഖസീം പോലയുള്ള വിദൂര പ്രവിശ്യകളിലാണ് ഈ ആനുകൂല്യം നടപ്പിൽ വരുത്തിയിരിക്കുന്നത്.
തൊഴിൽ സ്ഥാപനമോ തൊഴിലുടമയോ നിതാഖത് (സ്വദേശിവൽക്കരണം) മാനദണ്ഡം പാലിക്കാത്തതിനാൽ ഗ്രീൻ കാറ്റഗറിയിലാണെങ്കിലും പുതുനയം ആനുസരിച്ച് എംബസി മുഖാന്തിരം ഇങ്ങനെയുള്ളവർക്ക് നാടുപിടിക്കാനുള്ള മാർഗമാണ് നിലവിൽ വന്നിരിക്കുന്നത്.
സ്ഥാപന ഉടമയോ സ്ഥാപനമോ ചുവപ്പ് കാറ്റഗറിയിൽ ആയതുകൊണ്ടോ, ഹുറൂബിൽ (തൊഴിലാളി ഒളിച്ചോടിപ്പോയതായുള്ള പരാതി) ആവുകയോ ചെയ്തിട്ടുള്ള പ്രവാസികൾക്കു മാത്രമായി നേരത്തെമുതൽലഭിച്ചു വരുന്ന ആനുകൂല്യമാണ് ഇപ്പോൾ ഗ്രീൻ കാറ്റഗറി സ്ഥാപനങ്ങളിലെ പ്രവാസികൾക്കും നൽകുന്നത്.
പുതിയ നയപ്രകാരം റിയാദിൽ നിന്ന് ഏറെ ദൂരയുള്ളവർ ഇനി മുതൽ റിയാദ് ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലുള്ള സാമൂഹിക ക്ഷേമ വകുപ്പുമായി ബന്ധപ്പെടുത്തുന്ന ലിങ്കിലെ ഫൈനൽ എക്സിറ്റ് ഓപ്ഷനിലൂടെ മതിയായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. എംബസി സാമൂഹിക ക്ഷേമവിഭാഗം ഓൺലൈനിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതും അൽ ഖസീമിലെ വിവിധ പ്രദേശങ്ങളിലെ ബന്ധപ്പെട്ട തൊഴിൽകാര്യ ഓഫീസുകളുമായി തീർപ്പാക്കുകയും ചെയ്യും.
തുടർന്ന് ജയിൽവാസമൊന്നുമില്ലാതെ ആഴ്ചകകൾക്കുള്ളിൽ തന്നെ അപേക്ഷകന്റെ അതാതു പ്രദേശത്തുള്ള തൊഴിൽകാര്യ വകുപ്പ് ഓഫീസ്(മക്തബ് അൽ അമൽ), പാസ്പോർട്ട്(ജവാസത്ത്),തർഹിൽ എന്നിവിടങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങാനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല