സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാൻ രണ്ടു മാസം കൂടി ബാക്കി നിൽക്കെ, പദ്ധതിയിൽ ഭാഗമായവരുടെ എണ്ണം 51.40 ലക്ഷം കടന്നു. മാനവ വിഭവ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്.
ജൂലൈ അവസാനത്തോടെ 46 ലക്ഷം പേരെങ്കിലും പദ്ധതിയിൽ ചേരുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 24 ദിവസത്തിനിടെ മാത്രം 1.40 ലക്ഷം പേരാണ് പദ്ധതിയിൽ ചേർന്നത്. പദ്ധതി പ്രഖ്യാപിച്ചിട്ട് 7 മാസം പിന്നിടുകയാണ്. ജനങ്ങളുടെ പ്രതികരണം ആശാവഹമാണെന്ന് മന്ത്രാലയം അറിയിച്ചു. പദ്ധതിയിൽ ചേരാത്തവർക്ക് പിഴ ഈടാക്കുമെന്ന അറിയിപ്പു വന്നതോടെയാണ് വേഗം കൂടിയത്.
പദ്ധതിയിൽ 60 ദിർഹം മുടക്കിയാൽ മതി, ചേർന്നില്ലെങ്കിൽ 400 ദിർഹം പിഴ നൽകേണ്ടി വരും. സ്വകാര്യ,സർക്കാർ മേഖലകളിലെ ജീവനക്കാർ പദ്ധതിയുടെ ഭാഗമാണ്. ശേഷിക്കുന്ന മുഴുവൻ ജോലിക്കാരും ഇൻഷുറൻസ് എടുക്കണം. പദ്ധതി പൂർണമായും വ്യക്തിഗതമായതിനാൽ നേട്ടവും കോട്ടവും ജോലിക്കാർക്കു മാത്രമാണ്.
ഇൻഷുറൻസ് തുക പൂർണമായും ജീവനക്കാരനുള്ളതാണ്. ചേർന്നില്ലെങ്കിൽ ഉണ്ടാകുന്ന പിഴയുടെ ബാധ്യതയും ജീവനക്കാരനാണ്. പദ്ധതിയിൽ ചേരേണ്ടത് വ്യക്തികളാണ്. കമ്പനിക്കോ, തൊഴിലുടമയ്ക്കോ ഇതിൽ ഉത്തരവാദിത്തമില്ല.
www.iloe.ae വെബ്സൈറ്റ് വഴി പദ്ധതിയിൽ അംഗമാകാം. ഇതിൽ ഇൻഷുറൻസ് റജിസ്ട്രേഷന് പ്രത്യേക പേജുണ്ട്. ഏതു വിഭാഗത്തിലുള്ള തൊഴിലാളിയാണെന്നത് തിരഞ്ഞെടുത്ത ശേഷം എമിറേറ്റ്സ് ഐഡി വിവരങ്ങൾ നൽകണം. മൊബൈൽ ഫോൺ നമ്പർ നൽകുന്നതോടെ റജിസ്ട്രേഷൻ വിവരങ്ങൾ സന്ദേശമായി ലഭിക്കും.
പ്രതിമാസം, വാർഷികം, അർധ വാർഷികം, മൂന്ന് മാസം, രണ്ടുവർഷം എന്നിങ്ങനെ പദ്ധതിയുടെ രൂപങ്ങളും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. അപേക്ഷകന്റെ ഇ-മെയിൽ വിലാസം നൽകി പണമടയ്ക്കുന്നതോടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. iloe ആപ് വഴിയും റജിസ്റ്റർ ചെയ്യാം. കൂടാതെ ധനവിനിമയ സ്ഥാപനങ്ങളിലും എടിഎം വഴിയും റജിസ്ട്രേഷന് ഇപ്പോൾ സൗകര്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല